അമ്പലപ്പുഴ പാല്‍പ്പായസം എല്ലാവര്‍ക്കും

Webdunia
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പാല്‍പ്പായസം എല്ലാ ഭക്തര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ദേവസ്വം ഭരണസമിതി ആരംഭിച്ചു.

പാല്‍പ്പായസം ഉണ്ടാക്കുന്നതിന്‍റെ അളവ് കൂട്ടാനാണ് ഭരണസമിതി തീരുമാനിച്ചത്. ആവശ്യപ്പെടുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും പാല്‍പ്പായസം ലഭ്യമാക്കും. ത്രിവേണി മെഗാ‍മാര്‍ക്കറ്റ് വഴി അമ്പലപ്പുഴ പാല്‍പ്പായസം വിറ്റത് വിവാദമായിരുന്നു. ഒരു ദിവസം 390 ലിറ്റര്‍ പാല്‍പ്പായസം ഉണ്ടാക്കാനുള്ള സൌകര്യമാണ് ഇപ്പോള്‍ അമ്പലപ്പുഴ ക്ഷേത്രത്തിലുള്ളത്.

തിരക്കേറിയ ദിവസങ്ങളില്‍ പാല്‍പ്പായസം കിട്ടാതെ നിരവധിപ്പേര്‍ മടങ്ങിപ്പോകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാല്‍പ്പായസം ഉണ്ടാക്കുന്നതിന്‍റെ അളവ് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് ആലോചിച്ചത്. ക്ഷേത്രത്തിലേക്ക് പുതുതായി 708 ലിറ്റര്‍ പാല്‍പ്പായസം ഉണ്ടാക്കാന്‍ കഴിയുന്ന വാര്‍പ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പായസ നിര്‍മ്മാണത്തിന് ആവശ്യമായ ശുദ്ധമായ പശുവിന്‍പാല്‍ ആവശ്യത്തിന് കിട്ടാത്തതാണ് അധികൃതരെ കുഴയ്ക്കുന്നത്. ഒരു ദിവസം 120 ഇടങ്ങഴി പാല്‍ മാത്രമാണ് സ്ഥിരമായി ക്ഷേത്രത്തില്‍ കിട്ടുന്നത്. പായസത്തിന് ആവശ്യക്കാര്‍ കൂടുന്നതിന് അനുസരിച്ച് തൊട്ടടുത്ത സൊസൈറ്റികളില്‍ നിന്നുമാണ് പാല്‍ സംഘടിപ്പിക്കുന്നത്.

നിലവിലുള്ള സാഹചര്യത്തില്‍ പാല്‍പ്പായസത്തിന്‍റെ ഉത്പാദനച്ചെലവും ഏറി വരുന്നതായി ക്ഷേത്ര ജീവനക്കാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അമ്പലപ്പുഴ പാല്‍പ്പായസത്തിന്‍റെ വിലകൂട്ടുന്ന കാര്യവും ദേവസ്വം ബോര്‍ഡിന്‍റെ സജീവ പരിഗണനയിലുണ്ട്. ഒരു ലിറ്റര്‍ അമ്പലപ്പുഴ പാല്‍പ്പായസം 32 രൂപയ്ക്കാണ് വില്‍ക്കുന്നത്.

മറ്റ് ക്ഷേത്രങ്ങളില്‍ പാല്‍പ്പായസത്തിന് 60 രൂപ വരെയാണ് ഈടാക്കുന്നത്.