അമൃതാനന്ദമയി മഠത്തെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മഠം നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചര്‍ച്ചയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
അമൃതാനന്ദമയിയുടെ മഠവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് അറിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ സുധീരന്‍ പ്രതികരിച്ചത്. വിവാദങ്ങളെപ്പറ്റി ആധികാരികമായി പഠിച്ചിട്ടില്ലെന്നും പഠിച്ചതിനുശേഷം മാത്രം അഭിപ്രായം പറയാം എന്നുമായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്.
അമൃതാനന്ദമയി ആശ്രമത്തില്‍ വഴിവിട്ട് ഒന്നും നടന്നിട്ടില്ലെന്നാണ് കരുതുന്നതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടത്ത്. അമൃതാനന്ദമയിയും മഠവും നല്‍കുന്ന സംഭാവനകള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുന്‍ ശിഷ്യയുടെ "ഹോളി ഹെല്‍: എ മെമ്മയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്" എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ അമൃതാനന്ദമയി മഠത്തിനെതിരേ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. മുന്‍ ശിഷ്യയുടെ പുസ്തകത്തിലെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അറിയിച്ചത്.