അമൃതാനന്ദമയി മഠത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. എഴുപുന്ന പതിമൂന്നാം വാര്‍ഡ് വൃന്ദാവനത്തില്‍ വിജയനാ (61)ണ് പിടിയിലായത്. ചേര്‍ത്തല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
തണ്ണീര്‍മുക്കം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കൊച്ചുചിറയില്‍ വിനീത് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായ കുടുംബം അമൃതാനന്ദമയി മഠവുമായി ബന്ധപ്പെടുകയും ചികിത്സയ്ക്ക് ധനസഹായം ലഭിക്കാന്‍ അപേക്ഷയും നല്‍കി. അപേക്ഷ പരിശോധിക്കാനെന്ന വ്യാജേന വിനീതിന്റെ വീട്ടിലെത്തിയ വിജയന്‍ ധനസഹായം അനുവദിപ്പിക്കണമെങ്കില്‍ തുകയുടെ 20 ശതമാനം കമ്മീഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ വിനീതിന്റെ അച്ഛന്‍ വിക്രമന്‍നായര്‍ അമൃതാനന്ദമയി മഠത്തില്‍ നേരിട്ടെത്തി അമ്മയെ കാണുകയും ധനസഹായം ലഭിക്കുകയുമായിരുന്നു. ഇതറിഞ്ഞ വിജയന്‍ തന്റെ പരിശ്രമത്തിന്റെ ഫലമായാണ് സഹായം അനുവദിച്ചതെന്ന് പറഞ്ഞ് വിക്രമന്‍നായരെ ഭീഷണിപ്പെടുത്തി 10,000 രൂപ കഴിഞ്ഞ മൂന്നിന് കൈപ്പറ്റി. ബാക്കി തുക 10,000 രൂപ പത്താം തീയതി നല്‍കണമെന്നും ആവശ്യപ്പെട്ടു.
ഈ വിവരം വിക്രമന്‍നായര്‍ ബന്ധുക്കളോട് അറിയിച്ചു. ഇവര്‍ അമൃതാനന്ദമയി മഠത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശാസ്താങ്കല്‍ പ്രദേശവാസികള്‍ ചേര്‍ന്ന് ഇയാളെ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ വരുത്തി പിടികൂടുകയുമായിരുന്നു. ചേര്‍ത്തല സ്റ്റേഷനിലെത്തിച്ച പ്രതിക്കെതിരെ വിനീതിന്റെ ബന്ധു വല്യാറയില്‍ വി സി ബാബു പരാതി നല്‍കി.