അഭയകേസ് ഇന്ന് സിബിഐ കോടതി പരിഗണിക്കുന്നു

Webdunia
ചൊവ്വ, 27 ഏപ്രില്‍ 2010 (11:20 IST)
PRO
അഭയകേസ് സി ബി ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. അഭയ കേസിന്‍റെ വിചാരണയ്ക്കു മുമ്പായുള്ള നടപടി ക്രമങ്ങളാണ് ഇപ്പോള്‍ സി ബി ഐ കോടതിയില്‍ നടക്കുന്നത്. എന്നാല്‍ കേസിലെ മൂന്ന് പ്രതികളും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.

കേസിലെ പ്രതികളായ ഫാ തോമസ്‌ കോട്ടൂര്‍ , ഫാ ജോസ്‌ പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക്‌ വിചാരണക്കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവ്‌ നല്‍കിയിരുന്നു. പ്രതികള്‍ ഇന്ന്‌ കോടതിയില്‍ നേരിട്ട്‌ ഹാജരാകുന്നില്ലെങ്കില്‍ അവധി അപേക്ഷ നല്‍കിയാല്‍ മതിയാകും.

അതേസമയം, കേസിലെ മുഖ്യ പ്രതികളെന്ന് ആരോപിക്കുന്നവരെ കൂ‍ടാതെ കേസിലെ പ്രധാന സാക്ഷികളെ കൂടെ നാര്‍കോ പരിശോധനയ്ക്ക് വിധേയരാക്കാനുള്ള സി ബി ഐ തീരുമാനം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

സിസ്റ്റര്‍ ഷെര്‍ളി, ക്രൈംബ്രാഞ്ച്‌ മുന്‍ എസ്‌ പി കെടി മൈക്കിള്‍ കോണ്‍വെന്‍റിലെ ജീവനക്കാരിക്കളായ ത്രേസ്യാമ്മ, അച്ചാമ്മ എന്നിവരെയാണ്‌ നാര്‍കോ പരിധനയ്ക്ക്‌ വിധേയരാക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍ ഇതിനെതിരെ ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. ഈ ഹര്‍ജി സുപ്രീം കോടതി ഇപ്പോള്‍ പരിഗണിച്ചു വരികയാണ്‌.