മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുല്‍ റഷീദിന്റെ നിയമനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന വ്യക്തിയെയാണ് പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചത്. ഇതുസംബന്ധിച്ച് വിദേശ സഹമന്ത്രി ഇ അഹമ്മദ് വിശദീകരണം നല്‍കണമെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്താനാണ് പാസ്പോര്‍ട്ട് ഓഫീസറെ വഴിവിട്ട് നിയമിച്ചതെന്നും ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും കത്തയക്കുമെന്നും പൊലീസില്‍ ഡിവൈഎസ്പി റാങ്കിലുള്ള അബ്ദുല്‍ റഷീദിനെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് പാസ്പോര്‍ട്ട് ഓഫീസറാക്കിയതെന്നും വിഎസ് ആരോപിച്ചു.
കുഞ്ഞാലിക്കുട്ടിയുടെയും കെപിഎ മജീദിന്റെയും ഗണ്‍മാനായിരുന്നു റഷീദ്. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെവീട്ടിലും ഓഫീസിലും സിബിഐ നടത്തിയ റെയ്ഡില്‍ പണവും രേഖകളും പിടിച്ചെടുത്തിരുന്നു. ഏജന്‍്റുമാരുമായി ബന്ധപ്പെട്ട് അവിഹിത ഇടപാടുകള്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ നടക്കുന്നതായാണ് ആരോപണം.
മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. അബ്ബാസ് സേട്ടിന്റെമരണത്തിന് ആയുധ ഇടപാടുമായി ബന്ധമുണ്ടെന്നാണ് വിഎസിന്റെആരോപണം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ അബ്ബാസ് സേട്ട് ഹൃദയാഘാതത്തെതുടര്‍ന്നാണ് മരിച്ചത്.