അപകടത്തിന് കാരണം മീന്‍‌വണ്ടി: കണ്ണയ്യന്‍

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2012 (12:25 IST)
PRO
PRO
കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെടാന്‍ കാരണം മീന്‍ വണ്ടിയെന്ന് ലോറി ഡ്രൈവര്‍ കണ്ണയ്യന്‍. ടാങ്കര്‍ ലോറിക്ക് പിറകെ വരികയായിരുന്ന മീന്‍ വണ്ടി ഇടത് വശത്ത് കൂടി ടാങ്കറിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം. മീന്‍ വണ്ടി ടാങ്കറില്‍ ഇടിക്കാതിരിക്കാന്‍ ടാങ്കര്‍ ഇടത്തോട്ട് വെട്ടിച്ചു. നിയന്ത്രണം വിട്ട ടാങ്കര്‍ ഡിവൈഡറില്‍ ഇടിക്കുക്കയായിരുന്നെന്ന് കണ്ണയ്യന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തിങ്കളാഴ്ച അര്‍ധരാത്രിയാണ് കണ്ണൂര്‍ ചാല ബൈപ്പാസിന് സമീപം അപകടം നടന്നത്. ഉടന്‍ തന്നെ ഡ്രൈവര്‍ അടുത്തുള്ള വീടുകളിലെ താമസക്കാരോട് ഓടി രക്ഷപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്. ഡിവൈഡറില്‍ റിഫ്ളക്റ്റര്‍ ഉണ്ടായിരുന്നില്ല. അപകടം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ ബാഗില്‍ നിന്നാണ് ഡ്രൈവറെക്കുറിച്ച് വിവരം ലഭിച്ചത്.

സംഭവത്തില്‍ ഒന്‍പത് പേര്‍ ഇതുവരെയായി മരിച്ചിരുന്നു. പ്രദേശത്ത് ഉഗ്രസ്ഫോടനമുണ്ടാകുകയും പരിസരത്തെ അഞ്ചു വീടുകള്‍ കത്തിനശിക്കുകയുമായിരുന്നു. വാഹനങ്ങള്‍ക്കും കടകള്‍ക്കും മരങ്ങള്‍ക്കും തീപിടിച്ചു. കൃഷിസ്ഥലങ്ങള്‍ നശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തുലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ട്.