അപകടം: ജോഷിയുടെ മകള്‍ ഉള്‍പ്പെടെ 3 പേര്‍ മരിച്ചു

Webdunia
തിങ്കള്‍, 25 ജൂലൈ 2011 (16:26 IST)
ചെന്നൈയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ സിനിമാ സംവിധായകന്‍ ജോഷിയുടെ മകള്‍ ഐശ്വര്യ (24) ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി രാധിക, തൃശൂര്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍.

മഹാബലിപുരം ഈസ്റ്റ്കോസ്റ്റ് റോഡില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. മഹാബലിപുരം കണ്ട് മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഐശ്വര്യ ആണ് കാര്‍ ഓടിച്ചിരുന്നത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചു.