അന്തര്‍സംസ്ഥാന ബസില്‍നിന്ന് പാന്‍മസാല പിടിച്ചു

Webdunia
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (19:02 IST)
PRO
PRO
അന്തര്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസില്‍ കടത്തിയ വന്‍ പാന്‍ മസാല കെട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. പുതിയറ പുത്തന്‍പുരയ്ക്കല്‍ പരമശിവന്‍ എന്നയാളുടെ മകന്‍ രമേശ് (38) ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ ബാംഗ്ലൂരില്‍ നിന്ന് എത്തിയ കര്‍ണ്ണാടക സംസ്ഥാന സര്‍ക്കാര്‍ വക ഡീലക്സ് ബസില്‍ നിന്നാണ്‌ നിരോധിച്ച പാന്‍ മസാലയുടെ നാലു കെട്ടുകള്‍ പിടികൂടിയത്.

ഞായറാഴ്ച രാവിലെ മാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്‌ എതിരെയുള്ള പെട്ടിക്കടയില്‍ നിന്ന് പാന്‍ മസാല വില്‍പ്പന നടത്തിയ പെട്ടിക്കട ഉടമയെ ചോദ്യം ചെയ്തപ്പോഴാണ്‌ പാന്‍ മസാല കടത്ത് വെളിപ്പെട്ടത്. പാന്‍ മസാല വ്യാപകമായി വില്‍ക്കപ്പെടുന്നെന്ന പരാതിയെ തുടര്‍ന്നാണ്‌ അധികൃതര്‍ വ്യാപക പരിശോധന നടത്തിയത്.

പെട്ടിക്കട ഉടമ നല്‍കിയ വിവരം വച്ചാണ്‌ രമേശിനെ കസ്റ്റഡിയിലെടുത്തത്. ലക്ഷം രൂപയിലേറെ വില വരുന്ന പാന്‍ മസാല കെട്ടില്‍ ഹാന്‍സ്, മധു, ചൈനി കൈനി എന്നീ ബ്രാന്‍ഡുകളാണ്‌ ഉണ്ടായിരുന്നത്.

ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും ചോദ്യം ചെയ്തപ്പോള്‍ തുണിക്കെട്ടുകള്‍ എന്ന പേരില്‍ സാധനങ്ങള്‍ ബുക്ക് ചെയ്തതിരുന്നതാണ്‌ എന്നാണ്‌ പറഞ്ഞത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.