അനിശ്ചിതകാല ബസ് സമരം പിന്‍‌വലിച്ചു

Webdunia
ശനി, 31 ജൂലൈ 2010 (16:34 IST)
PRO
ഓഗസ്റ്റ് ആദ്യവാരം മുതല്‍ തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് സ്വകാര്യ ബസുടമകള്‍ പിന്‍‌വലിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗതാഗതമന്ത്രി ഉറപ്പുനല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍‌വലിക്കുന്നതെന്ന് ബസുടമകള്‍ അറിയിച്ചു. സമരം പിന്‍‌വലിക്കാനുള്ള തീരുമാനം ബസുടമകളുടെ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗമാണ് കൈക്കൊണ്ടത്.

ഓഗസ്റ്റ് മൂന്നുമുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനിരുന്നത്. എന്നാല്‍ ചാര്‍ജ് വര്‍ദ്ധനയടക്കമുള്ള കാര്യങ്ങളില്‍ പുതുതായി നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ബസുടമകളുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയിരുന്നു.

നാറ്റ്പാക്ക്‌ പ്രതിനിധി, റിട്ടയേര്‍ഡ്‌ ഹൈക്കോടതി ജഡ്ജി എന്നിവരുള്‍പ്പെട്ട മൂന്നംഗ സമിതിയെയാണ് ബസുടമകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ചത്.