അധ്യാപികയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; യുവാക്കള്‍ പിടിയില്‍

Webdunia
വ്യാഴം, 3 ജനുവരി 2013 (09:40 IST)
PRO
PRO
സ്കൂള്‍ അധ്യാപികയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. പുതുവത്സരദിനത്തിലാണ് സംഭവം നടന്നത് രാജകുമാരിയിലെ ഒരു സ്കൂളിലെ അധ്യാപികയെയാണ് കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്.

രാവിലെ സ്കൂളിലേക്ക് പോകുകയായിരുന്ന അധ്യാപികയെ കാറിലെത്തിയ സംഘം രാജകുമാരി എംജിഎം ഐടിസിക്ക്‌ സമീപത്ത് നിന്ന് ബലം‌ പ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു. സംഭവത്തില്‍ മുരിക്കുംതൊട്ടി ബാലേല്‍ കണ്ടന്‍ എന്നുവിളിക്കുന്ന ഗിരീഷ്‌(25), സേനാപതി പൊറ്റംകോട്ട്‌ ബിനില്‍(27), രാജകുമാരി മംഗളംകുന്നേല്‍ റെജി(24) എന്നിവരെയാണ്‌ രാജാക്കാട്‌ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാക്കളില്‍ നിന്ന് രക്ഷപ്പെട്ട അധ്യാപിക സ്കൂളിലെത്തി വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ സ്കൂള്‍ ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും പ്രതികള്‍ രക്ഷപെട്ടു. തുടര്‍ന്ന് അധ്യാപകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

കാറുടമയും രണ്ടാംപ്രതിയുമായ റെജി രാജകുമാരിയിലെ പച്ചക്കറി വ്യാപാരിയാണ്‌. റെജിയുടെ ഡ്രൈവറാണ്‌ മൂന്നാംപ്രതിയായ ബിനില്‍. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. പ്രതികളേയും കാറും അടിമാലി മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി. പ്രതികളെ റിമാന്‍ഡുചെയ്തു.