അധ്യാപകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതര പരുക്കേറ്റതായി പരാതി. കോഴിക്കോട് സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി രാഹുലിനാണ് പരുക്കേറ്റത്. വിദ്യാര്‍ഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സ്കൂളില്‍ നടന്ന കായികമത്സരങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കഴിഞ്ഞദിവസം ആഹ്ലാദപ്രകടനം നടത്തിയിരുന്നു. വിദ്യാര്‍ഥികള്‍ ഗ്രൌണ്ടില് നിറഞ്ഞതിനെത്തുടര്‍ന്ന് മത്സരം തുടരാന്‍ കഴിയാത്തതിനാല്‍ കായിക അധ്യാപകന് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച് മാറ്റുന്നതിനിടെയാണ് രാഹുലിന് പരുക്കേറ്റത്.
ആദ്യം പരുക്ക് ഗുരുതരമായി തോന്നിയില്ലെങ്കിലും വിദഗ്ധ പരിശോധനയില്‍ പരുക്ക് കാഴ്ച ശക്തിയെ ബാധിക്കുമെന്ന് മനസിലായത്. തുടര്‍ന്ന് രാഹുലിനെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ കായിക ആധ്യാപകന് അബദ്ധം പറ്റിയതാണെന്ന് സ്കൂളിലെ പ്രധാന അധ്യാപകന് പറഞ്ഞു. അധ്യാപകനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.