അധ്യാപകന്റെ ആത്മഹത്യ: വ്യാജസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ ഡോക്‌ടര്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 14 ഏപ്രില്‍ 2015 (17:01 IST)
മലപ്പുറം മുന്നിയൂര്‍ സ്‌കൂളിലെ അധ്യാപകന്‍ അനീഷ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഡോക്‌ടര്‍ അറസ്റ്റില്‍. കോഴിക്കോട് ഫറൂഖിലെ കോയാസ് ഹോസ്പിറ്റല്‍ എം ഡി ഡോ എം എ കോയയെ ആണ് പൊലീസ് അറസ്റ്റു ചെയ്‌തത്. 
സ്‌കൂള്‍ മാനേജരെയും പ്യൂണിനെയും അക്രമിച്ചുവെന്നായിരുന്നു അനീഷിന് എതിരെ ഉണ്ടായിരുന്ന പരാതി.
 
അക്രമണത്തിനിടെ പ്യൂണിന്റെ തലയ്ക്ക് പരിക്കേറ്റതായി ഡോ കോയ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. മൂന്നു സെന്റീമീറ്റര്‍ നീളത്തില്‍ രണ്ടു സെന്റീമീറ്റര്‍ വീതിയില്‍ ഒരു സെന്റീമീറ്റര്‍ ആഴത്തില്‍ മുറിവേറ്റെന്നും അക്രമിച്ച വ്യക്തിയുടെ പേരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഡോ. കോയ രേഖപ്പെടുത്തിയിരുന്നു. 
 
അക്രമിയുടെ പേരും സര്‍ട്ടിഫിക്കറ്റില്‍ കൃത്യമായി പരാമര്‍ശിച്ചതാണ് അന്വേഷണസംഘത്തിന് സംശയം തോന്നാന്‍ കാരണമായത്. 
തുടര്‍ന്ന് അന്വേഷണസംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരുടെ വിദഗ്‌ധസംഘം പ്യൂണിന്റെ തല സി ടി സ്കാനിംഗിന് വിധേയമാക്കിയിരുന്നു. ഈ പരിശോധനയില പ്യൂണിന്റെ തലയില്‍ ചെറിയൊരു പോറല്‍ പോലും ഏറ്റിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്‌ടര്‍ കോയയെ പ്രതി ചേര്‍ക്കുകയായിരുന്നു.
 
വ്യാജസര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അനീഷിനെ വിവിധ കുറ്റങ്ങള്‍ ആരോപിച്ച് മാനേജ്‌മെന്റ് പിരിച്ചു വിട്ടിരുന്നു. ഇതില്‍ മനം നൊന്ത് അനീഷ് മലമ്പുഴയിലെ ലോഡ്ജില്‍ കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അനീഷിനെതിരെ വ്യാജപരാതി ചമച്ചെന്നും മാനേജ്‌മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇതിനുപിന്നിലെന്നും ആരോപിച്ച് വിവിധ അധ്യാപകസംഘടനകള്‍ രംഗത്തെത്തിയിരുന്നു.