അധികാരം മമതയില്ലതെ ഉപയോഗിക്കണം - അമ്മ

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2007 (11:03 IST)
FILEFILE
അധികാരം മമതയില്ലാതെ ഉപയോഗിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് മാതാ അമൃതാനന്ദമയി. വര്‍ക്കല ശിവഗിരി മഠത്തില്‍ സന്യാസി സംഗമവും ദിവ്യജ്യോതിസ് പ്രയാണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ജനങ്ങളെ ഭരിക്കുന്നതിന് അധികാരം ആവശ്യമാണ്. ആ‍ അധികാരം അധികാരികള്‍ മമതയില്ലാതെ ഉപയോഗിക്കണം. അധികാരമുള്ളത് കൊണ്ടാണ് അഹങ്കാരം ഉണ്ടാകുന്നത്. അതിനാല്‍ സ്നേഹത്തോടെ പെരുമാറാന്‍ അധികാരികള്‍ തയാറാകണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.

വഴിതെറ്റാവുന്ന ഒരു സംഭവത്തെ തെറ്റില്‍ നിന്നും ശരിയിലേക്ക് നയിച്ച് മഹാനുഭാവനായിരുന്നു ഗുരുദേവന്‍. ആയുധമില്ലാതെ അധര്‍മ്മത്തോട് പൊരുതി മറ്റൊരു കുരുക്ഷേത്രം നയിച്ച നേതാവായിരുന്നു ശ്രീനാരായണ ഗുരു. സന്യാസിമാര്‍ സാ‍മൂഹ്യ സേവനം മതമായി സ്വീകരിച്ചുകൊണ്ട് നന്നായി പ്രവര്‍ത്തിക്കണം.

കാഷായ വേഷം ധരിച്ചവര്‍ മാത്രമല്ല സന്യാസിമാര്‍. മറ്റുള്ളവരോട് സ്നേഹത്തോടും മമതയോടും പ്രവര്‍ത്തിക്കുന്നവരാകണം യഥാര്‍ത്ഥ സന്യാസിമാരെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സുധാനന്ദ സ്വാമികള്‍ സന്ദേശം നല്‍കി. പ്രകാശാനന്ദ സ്വാമികള്‍ അധ്യക്ഷനായിരുന്നു. സ്വാമി ഋതംബരാനന്ദ സ്വാഗതം പറഞ്ഞു.