അത്ര ഗതികേട് ഞങ്ങള്‍ക്കില്ല: മുരളീധരന്‍

Webdunia
വെള്ളി, 18 ഫെബ്രുവരി 2011 (12:21 IST)
PRO
മദ്യമാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങി ജീവിക്കേണ്ട ഗതികേട് കരുണാകരനും കുടുംബത്തിനും ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് മുരളീധരന്‍. ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ ജോസ് ഇല്ലിക്കല്‍ എന്നൊരാള്‍ കരുണാകരന് പത്തുലക്ഷം രൂപ കൈക്കൂലിയായി കൊടുത്തു എന്ന ആരോപണത്തോട് തൃശൂര്‍ പ്രസ് ക്ലബില്‍ മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“മദ്യലോബിയില്‍നിന്നു പണം വാങ്ങേണ്ട ഗതികേട്‌ എന്റെ അച്ഛനോ എന്റെ കുടുംബത്തിനോ ഉണ്ടായിട്ടില്ല. ആരെന്തൊക്കെ ആരോപിച്ചാലും സി‌പി‌എം ജനറല്‍ സെക്രട്ടറി പിണറായി വിജയനില്‍നിന്ന്‌ ഇങ്ങനെ ഒരു ആരോപണം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. പുതിയ മദ്യലോബിയുമായുള്ള ബന്ധത്തില്‍നിന്നാകാം പിണറായി വിജയന്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്‌. പിണറായിയെപ്പോലുള്ള ഒരു നേതാവില്‍നിന്ന്‌ ഇത്തരം പ്രസ്താവന വന്നതു വളരെ മോശമായിപ്പോയി.”

“ഞാന്‍ തുടങ്ങാന്‍ പോകുന്ന ടെലിവിഷന്‍ ചാനലായ ജനപ്രിയ ചാനലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കോണ്‍ഗ്രസിന്‌ ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. ചാനലിന്റെ ആലങ്കാരിക ചെയര്‍മാന്‍ മാത്രമാവില്ല ഞാന്‍‍. ചാനലിലൂടെ പുറത്തുവരുന്ന ഓരോ വാര്‍ത്തയുടെ കാര്യത്തിലും എന്റെ ശ്രദ്ധയുണ്ടാകും.”

“കോണ്‍ഗ്രസില്‍ നിന്ന് ഇനി പുറത്തുപോകാന്‍ ആഗ്രഹിക്കുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്കു പ്രസക്‌തിയില്ലെന്ന വാദത്തില്‍ ഞാനിപ്പോഴും ഉറച്ചുനില്‍ക്കുന്നു. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയപ്പോള്‍ സ്ഥാനമാനങ്ങളൊന്നും ചോദിച്ചിട്ടില്ല. വാഗ്ദാനങ്ങളും നല്‍കിയിട്ടില്ല. പാര്‍ട്ടി പറയുന്നത്‌ അനുസരിക്കും. മത്സരിക്കണമെന്നു പറഞ്ഞാലും എല്ലാ മണ്ഡലങ്ങളിലും പ്രചാരണം നടത്തിയാല്‍ മതിയെന്നു പറഞ്ഞാലും ഞാന്‍ അനുസരിക്കും. ”

“യുഡിഎഫ്‌ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചല്ല തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. അതു തെരഞ്ഞെടുപ്പിനുശേഷമാണു തീരുമാനിക്കുക. 1996-ലും 2006-ലും മാത്രമേ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളൂ” - മുരളീധരന്‍ പറഞ്ഞു

തൃശൂര്‍ ഡിസിസി ഓഫിസില്‍ സന്ദര്‍ശനം നടത്തിയ മുരളീധരന്‍ പൂങ്കുന്നത്ത്‌ മുരളീമന്ദിരത്തില്‍ കെ കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും ശവകുടീരങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മടങ്ങിയത്.