അടിച്ചുഫിറ്റായി, പള്ളിയും കുരിശടിയും തകര്‍ത്തു!

Webdunia
ശനി, 26 ഫെബ്രുവരി 2011 (14:48 IST)
PRO
മദ്യം ഉള്ളില്‍ ചെന്നതോടെ ഒരു സംഘം ആളുകള്‍ നേരെ പോയത് പള്ളിയിലേക്കാണ്. കുമ്പസരിക്കാനൊന്നുമല്ല. ചെന്നപാടെ പള്ളിയും കുരിശടിയും അടിച്ചുതകര്‍ത്തു. നെടുമങ്ങാട് പാണയംകൂപ്പിലാണ് സംഭവം. ലത്തീന്‍ കത്തോലിക്ക പള്ളിയാണ് മദ്യപര്‍ അക്രമിച്ചത്.

കനത്ത മഴയുള്ള സമയമായതിനാല്‍ പള്ളിയുടെ സമീപത്ത് ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് ആരൊക്കെയാണ് പള്ളി തകര്‍ത്തത് എന്ന് കൃത്യമായി പറയാന്‍ അയല്‍‌വാസികള്‍ക്കും വിശ്വാസികള്‍ക്കും കഴിയുന്നില്ല. എന്നാല്‍ പള്ളിക്ക് സമീപം താമസിക്കുന്ന നെല്‍‌സണ്‍ എന്നയാളുടെ വീട്ടില്‍ നിന്ന് മദ്യപിച്ച് എത്തിയ സംഘമാണ് പള്ളി തകര്‍ത്തതെന്ന് പൊലീസ് പറയുന്നു. സജി എന്നൊരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

പള്ളി തകര്‍ത്തതിന് ഒരു യുവതി ദൃക്‌സാക്ഷിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണത്രെ യുവാവിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ എന്തിനാണ് പള്ളി തകര്‍ത്തതെന്ന് അറിവായിട്ടില്ല.

ഇതാദ്യമായല്ല ഈ പള്ളിക്കു നേരെ ആക്രമണമുണ്ടാകുന്നത്. ഇതിനു മുമ്പും മദ്യപിച്ചെത്തിയ സാമൂഹ്യ വിരുദ്ധര്‍ ഈ പള്ളിയുടെ കുരിശടി തകര്‍ത്തിട്ടുണ്ട്.