അഞ്ചേരി ബേബി വധം: മണിയെ ഉടന്‍ കസ്റ്റഡിയിലെടുക്കും

Webdunia
ചൊവ്വ, 31 ജൂലൈ 2012 (12:43 IST)
PRO
PRO
അഞ്ചേരി ബേബി വധക്കേസില്‍ അന്വേഷണ സംഘം അടുത്ത തിങ്കളാഴ്ച ആദ്യ പ്രതിപട്ടിക കോടതിയില്‍ സമര്‍പ്പിക്കും. എം എം മണി ഉള്‍പ്പെടെ നാല് സി പി എം നേതാക്കളെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മണിയെ അടുത്തയാഴ്ച അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും.

ഗൂഢാലോചന, കൊലപാതകവിവരം മറച്ചുവെച്ചു എന്നീ രണ്ട്‌ വകുപ്പുകള്‍ പ്രകാരമാണ്‌ മണിയുള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ പ്രതികളാക്കുന്നത്‌. എ കെ ദാമോദരന്‍, ഒ ജി മഥനന്‍, വി എന്‍ ജോസഫ്‌ എന്നിവരാണ്‌ മറ്റ്‌ നേതാക്കള്‍. എന്നാല്‍ വി എന്‍ ജോസഫ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

അതേസമയം, സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ ബുധനാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്‌ ശേഷം മാത്രമേ കെ കെ ജയചന്ദ്രന്‍ എംഎല്‍എയെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കുകയുള്ളു.

ബേബിയെ വെടിവച്ച്‌ കൊന്നവരേക്കുറിച്ച് അന്വേഷണസംഘത്തിന്‌ വ്യക്‌തമായ സൂചന ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ കേസ്‌ ഡയറി പ്രകാരം ഒമ്പത്‌ പേര്‍ ചേര്‍ന്നാണ്‌ ബേബിയെ വെടിവച്ച്‌ കൊന്നത്‌. ഇതില്‍ ആറ്‌ പേരുടെ പങ്ക്‌ പൂര്‍ണമായും കണ്ടെത്തി കഴിഞ്ഞു. അതോടൊപ്പം പഴയ കേസ്‌ ഡയറിയിലുള്‍പ്പെടാത്ത നാല്‌ പേര്‍കൂടി ബേബിയെ വെടിവയ്ക്കുമ്പോള്‍ ഉണ്ടായിരുന്നുവെന്നാണ്‌ അന്വേഷണസംഘത്തിന്റെ നിഗമനം. 1982 നവംബര്‍ പതിമൂന്നിനായിരുന്നു അഞ്ചേരി ബേബി കൊല്ലപ്പെടുന്നത്.