വാട്‌സാപ്പിൽ സബ്‌സ്ക്രിപ്‌ഷൻ?

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (19:37 IST)
വാട്‌സാപ്പിൽ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ വരുന്നു. വാർത്ത കേട്ട് ഒന്ന് ഞെട്ടിയവരാണ് നിങ്ങളെങ്കിൽ ഞെട്ടാൻ വരട്ടെ. വാട്‌സാപ്പ് ഉപയോഗിക്കുന്നതിന് പണം ഈടാക്കുമെന്നല്ല. സബ്‌സ്ക്രിപ്‌ഷൻ അടിസ്ഥാനത്തിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്.
 
മള്‍ടി ഡിവൈസ് സപ്പോര്‍ട്ട് ഫീച്ചറിലാണ് പുതിയ സൗകര്യം ഒരുക്കാന്‍ കമ്പനി ശ്രമിക്കുന്നത്. ഈ സൗകര്യം അനുസരിച്ച് ഒരേസമയം നാല് ഉപകരണങ്ങളിലാണ് തന്റെ അക്കൗണ്ട് ലോഗിന്‍ ചെയ്യാനാവുക. ഫോണിലല്ലാതെ കമ്യൂട്ടറിലോ,ടാബിലോ വാട്‌സ്ആപ്പ് ഉപയോഗിക്കാം. ഇങ്ങനെ 10 ഉപകരണങ്ങളില്‍ വരെ ലോഗിന്‍ ചെയ്യാനാവും. ഇതിന് നിശ്ചിത തുക നല്‍കേണ്ടി വരുമെന്ന് മാത്രം. ഇതിനൊപ്പം ചില അധികസേവനങ്ങളും ഒപ്പം ലഭിക്കും.
 
വാട്‌സാപ്പ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചാലും സാധാരണ ഉപഭോക്താക്കള്‍ക്ക് പഴയത് പോലെ തന്നെ ആപ്പ് ഉപയോഗിക്കാനാവും. കൂടുതല്‍ ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് സബ്‌സ്ക്രിപ്ഷൻ എടുത്താൽ മതിയാകും. അല്ലാത്ത പക്ഷം നാല് ഉപകരണങ്ങളില്‍ ഒരേ സമയം വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം സൗജന്യമായിതന്നെ ഉപയോഗിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article