കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു, ടെലഗ്രാം മേധാവി പാവേൽ ദുരോവ് അറസ്റ്റിൽ

അഭിറാം മനോഹർ
ഞായര്‍, 25 ഓഗസ്റ്റ് 2024 (09:25 IST)
Pavel durov
ടെലഗ്രാം ആപ്ലിക്കേഷന്‍ മേധാവി പവേല്‍ ദുരോവ് പാരീസില്‍ അറസ്റ്റില്‍. പാരിസിലെ വിമാനത്താവളത്തില്‍ വെച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നാണ് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ടെലഗ്രാമുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റെന്നാണ് സൂചന. ടെലിഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പാവേല്‍ ദുരോവ് പരാജയപ്പെട്ടു എന്നാണ് ദുരോവിനെതിരായ കുറ്റം.
 
 ടെലഗ്രാമിന്റെ സഹസ്ഥാപകനും സിഇഒയുമാണ് 39കാരനായ പവേല്‍ ദുരോവ്. പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് പാരീസിലെ പ്രാന്തപ്രദേശത്തുള്ള ലെ ബുര്‍ഗെറ്റ് വിമാനത്താവളത്തില്‍ വെച്ചാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ജെറ്റിലാണ് താരം പാരീസിലെത്തിയത്. ദുരോവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം അറസ്റ്റിനെ പറ്റി ടെലഗ്രാം പ്രതികരണം നടത്തിയിട്ടില്ല.
 
 റഷ്യന്‍ വംശജനായ പവേല്‍ ദുരോവ് ദുബായിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ടെലഗ്രാം ആസ്ഥാനവും ദുബായിലാണ്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും ദുരോവിനുണ്ട്. 15.5 ബില്യണ്‍ ഡോളറിന്റെ ആസ്തി ദുരോവിനുണ്ട് എന്നാണ് ഫോബ്‌സ് കണക്കാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article