നഗ്നവീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവതി പോലീസ് പിടിയിൽ
വയനാട് : യുവാവുമായി നഗ്നവീഡിയോ കോൾ നടത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവതിയെ കേരള പോലീസ് രാജസ്ഥാനിൽ ചെന്ന് അറസ്റ്റ് ചെയ്തു. ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് ജയ്പൂർ സ്വദേശിയായ യുവതി തട്ടിയെടുത്തത്.
പരാതിയെ തുടർന്ന് വയനാട് സൈബർ പോലീസ് രാജസ്ഥാനിലെ ജയ്‌പൂരിൽ നിന്നാണ് യുവതിയെ പിടികൂടിയത്. രാജസ്ഥാനിലെ സവായ് മധേപുർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്ത് നിന്നാണ് മനീഷ് മീണ എന്ന 23 കാരിയാണ് പോലീസ് പിടിയിലായത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡിൽ ടെലഗ്രാം അക്കൗണ്ട് തുടങ്ങിയ ശേഷം നഗ്നവീഡിയോ കോൾ ചെയ്ത ശേഷം യുവാവിനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയായിരുന്നു യുവതി പണം സ്വീകരിച്ചിരുന്നത്.
2023 ജൂലൈയിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ഏഴു മാസങ്ങളായി നടന്ന വിശദമായ അന്വേഷണത്തിനൊടുവിൽ സൈബർ പോലീസ് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവുമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കേരളാ പോലീസ് അവിടെയെത്തി യുവതിയെ പിടികൂടും എന്നായപ്പോൾ കേസിൽ നിന്ന് രക്ഷപ്പെടാൻ ഉടൻ തന്നെ ഇവർ യുവാവിന് പണം തിരികെ അയയ്ച്ചു.