ബാങ്കിൻ്റെ പേരിൽ വ്യാജ സന്ദേശം : 21000 രൂപാ നഷ്ടപ്പെട്ടു

എ കെ ജെ അയ്യർ

ഞായര്‍, 4 ഫെബ്രുവരി 2024 (16:15 IST)
തിരുവനന്തപുരം: ബാങ്കിൻ്റെ പേരിൽ വ്യാജ സന്ദേശം ലഭിച്ച യുവതിക്ക് അക്കൗണ്ടിൽ നിന്ന് 21000 രൂപ നഷ്ടപ്പെട്ടു. ജഗതി പീപ്പിൾസ് നഗർ സ്വദേശിയായ യുന്നതിയുടെ പണമാണ് അക്കൗണ്ടിൽ റിവാർഡ് പോയിൻ്റ് ലഭിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു തട്ടിയെടുത്തത്.
 
ബാങ്കിൽ നിന്നുള്ള സന്ദേശമാണെന്നു കരുതി ലിങ്കിൽ കയറിയപ്പോൾ എസ്. ബി. ഐ യോനോ എന്ന പേരിലുള്ള ആപ്പ് ആണ് കണ്ടെത്തിയത്. ഇതിൽ ഓ.ടി.പി യും മറ്റു വിവരങ്ങളും ചോദിച്ചിരുന്നു. അതനുസരിച്ച് അവ നൽകിയതോടെ യുവതിയുടെ ബാങ്കിൻ്റെ സ്റ്റാച്ചു  ശാഖയിലെ അക്കൗണ്ടിൽ നിന്നു പണം പോവുകയും ചെയ്തു.
 
വിവരം മനസിലാക്കിയ യുവതി ഉടൻ തന്നെ സൈബർ സെല്ലുമായി ബന്ധപ്പെട്ടെങ്കിലും പണം ചെന്നെത്തിയ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായാണ് മനസിലാക്കാൻ കഴിഞ്ഞത്.  സമാനമായ രീതിയിൽ ബാങ്കിൻ്റെ പേരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ എട്ടു പേരിൽ നിന്നായി നാലര ലക്ഷം രൂപയോളം തട്ടിയെടുക്കപ്പെട്ടതായും അതിനാൽ ഓൺലൈൻ ഇടപാടുകളിൽ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും പൊലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍