Paytm: പേടിഎമ്മിനെതിരെ ആർബിഐ നടപടി, യുപിഐ സേവനം അടക്കമുള്ളവ ലഭ്യമാകില്ല

അഭിറാം മനോഹർ

വ്യാഴം, 1 ഫെബ്രുവരി 2024 (20:40 IST)
പ്രമുഖ യുപിഐ കമ്പനിയായ പേടിഎമ്മിന്റെ വിവിധ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ആര്‍ബിഐ. മാനദണ്ഡം പാലിക്കാതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നടപടി. ഫെബ്രുവരി 29 മുതലാകും നിരോധനം നിലവില്‍ വരിക. ഫെബ്രുവരി 29നോ അതിനുമുന്‍പോ തുടങ്ങിയ എല്ലാ ട്രാന്‍സാക്ഷനുകളും മാര്‍ച്ച് 15നകം അവസാനിപ്പിക്കണം. 1949ലെ ബാങ്കിംഗ് റെഗുലേഷൻ നിയമം സെക്ഷൻ 35 എ പ്രകാരമാണ് നടപടിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി, തുടർച്ചയായ വീഴ്ചകളുടെ പശ്ചാത്തലത്തിൽ സ്വതന്ത്ര ഓഡിറ്ററെ നിയമിച്ച് റിപ്പോർട്ട് തേടിയ ശേഷമാണ് റിസർവ് ബാങ്കിന്റെ നടപടി.
 
ആധാര്‍ ബന്ധിത ഇടപാടുകള്‍,നിക്ഷേപം സ്വീകരിക്കല്‍,ബില്‍ പെയ്‌മെന്റുകള്‍,വാലറ്റുകള്‍ ടോപ്പ് ചെയ്യുക എന്നിവ ഇതോടെ സാധിക്കില്ല. പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും വിലക്കുണ്ട്. അതേസമയം ഉപഭോക്താക്കള്‍ക്ക് വാലറ്റിലുള്ള ബാലന്‍സ് പണം ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ പണമിടാന്‍ സാധിച്ചില്ലെങ്കിലും തുക പിന്‍വലിക്കാന്‍ സാധിക്കും. പേടിഎം സേവിങ്‌സ് അക്കൗണ്ട്. കറന്റ് അക്കൗണ്ട്,ഫാസ്ടാഗ് എന്നിവയില്‍ നിന്ന് പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണമില്ല. എന്നാല്‍ യുപിഐ സൗകര്യം ഉപയോഗിക്കാനാവില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍