സംസ്ഥാനത്ത് അതിതീവ്ര മഴ ഇന്നും തുടരും. മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.
അടുത്ത രണ്ട് ദിവസം വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്.