ഇനി ശബ്‌ദവും 3ഡിയായി കേള്‍ക്കാം !

Webdunia
ചൊവ്വ, 24 ഫെബ്രുവരി 2015 (16:12 IST)
ഇന്ത്യ ആദ്യമായി 3ഡി സിനിമയുടെ മാസ്മരിക ലോകത്തിലേക്ക് കടന്നത് മലയാളത്തില്‍ 984 ലിറങ്ങിയ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമയിലൂടെയാണ്. എന്നാല്‍ അതിനൊക്കെ കാലങ്ങള്‍ മുമ്പേ ലോകത്തില്‍ 3ഡി സിനിമകള്‍ പ്രചാരത്തിലായിരുന്നു. എന്നാല്‍ ദൃശ്യത്തെ ത്രിമാന രൂപത്തില്‍ കണ്ട് കണുമിഴിച്ച മനുഷ്യന്‍ ശബ്ദത്തേക്കൂടി ത്രിമാനമായി കേള്‍ക്കാന്‍ തുടങ്ങിയാലോ? ശബ്ദം എങ്ങനെ 3ഡിയാകും എന്ന് നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. സത്യത്തില്‍ ഈ ലോകത്ത് ശബ്ദമായാലും രൂപമായാലും എല്ലാം ത്രിമാനമായാണ് നമ്മള്‍ അനുഭവിക്കുന്നത്.
 
എന്നാല്‍ ഇന്നുള്ള ഏറ്റവും മികച്ച ശബ്ദ സംവിധാനമായി കരുതപ്പെടുന്നത് ഡോള്‍ബി, ഡിടിഎസ്., സറൗണ്ട് സൗണ്ട് എന്നിവയൊക്കെയാണ്. കാണിയുടെ ചുറ്റും 360 ഡിഗ്രി പ്രദേശത്ത് സ്പീക്കറുകളുടെ കൂട്ടം സ്ഥാപിച്ചുകൊണ്ടാണ് സറൗണ്ട് സൗണ്ട് ഒരുക്കുന്നത്. സ്‌ക്രീനിന്റെ ഇടതുഭാഗത്ത് ഒരു സ്‌ഫോടനദൃശ്യം തെളിയുന്നതിനൊപ്പം തന്നെ ഇടതുവശത്തുള്ള സ്പീക്കറുകളില്‍ നിന്ന് മാത്രം അതിന്റെ ശബ്ദമുയരുന്നു. അങ്ങനെ ഇടത്തും വലത്തും താഴെയും മുകളിലുമായുളള സ്പീക്കറുകളില്‍ നിന്ന് പല സമയങ്ങളില്‍ ശബ്ദം വരുന്നത് കേട്ട് നമ്മള്‍ അമ്പരക്കാറുമുണ്ട്.
 
എന്നാല്‍ ഇതൊക്കെ 3ഡി ശബ്ദത്തിനു മുന്നില്‍ വെറും തൃണമാണെന്ന് പറയാം. ഇനി എന്താണ് 3ഡി ശബ്ദസങ്കേതം എന്ന് പറയാം. മോണോ, സ്റ്റീരിയോ എന്നീ രണ്ടു പരമ്പരാഗത റെക്കോഡിങ് സംവിധാനമാണ് ലോകമൊട്ടുക്കും നിലവിലുള്ളത്. മോണോ സംവിധാനത്തില്‍ ശബ്ദങ്ങള്‍ രേഖപ്പെടുത്താന്‍ ഒരു മൈക്രോഫോണ്‍ ഉപയോഗിക്കുമ്പോള്‍ രണ്ടിത്തായി വച്ച രണ്ടു മൈക്രോഫോണുകളാണ് സ്റ്റീരിയോ സംവിധാനത്തില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ 3ഡി ശബ്ദ റെക്കോര്‍ഡിംഗിനായി സ്റ്റീരിയോ സംവിധാനത്തില്‍ അല്‍പ്പം ഭേദഗതി വരുത്തുകയാണ് ചെയ്യുക.
 
ഇതിനെ ബൈനോറല്‍ റെക്കോഡിങ് എന്നാണ് പറയുന്നത്. മനുഷ്യന്റെ തല പോലുള്ള ഒരു രൂപമുണ്ടാക്കി അതിന്റെ ചെവിയുടെ സ്ഥാനത്ത് രണ്ട് മൈക്രോഫോണുകള്‍ സ്ഥാപിച്ചുകൊണ്ടാണിത്. എന്തിനാണ് ഇത്തരത്തില്‍ ഒരു രീതി എന്ന് നിങ്ങള്‍ ആലോചിച്ചേക്കാം. പറയാം.  മനുഷ്യന്റെ തലയ്ക്കുള്ളിലേക്ക് ശബ്ദമെത്തുന്നതിനെ കൃത്യമായി പുന:സൃഷ്ടിക്കുന്നു എന്നതാണ് 'ബൈനോറല്‍ റെക്കോഡിങി'ന്റെ പ്രത്യേകത. ഓരോ ശബ്ദവും എങ്ങനെ കേള്‍ക്കണമെന്നത് നിശ്ചയിക്കുന്നത് നമ്മുടെ തലയുടെ അനാട്ടമിയാണ്. ഇടതുചെവിയുടെ ഭാഗത്ത് നിന്ന് ഒരു പട്ടി കുരച്ചാല്‍ ആ ശബ്ദം വലതുചെവിയിലെത്താന്‍ ഏതാനും മൈക്രോസെക്കന്റുകള്‍ അധികമെടുക്കും. ആ ശബ്ദം ഇടതുചെവിയില്‍ അല്പം അധികവും വലതില്‍ കുറവുമായിരിക്കും. 
 
ഇത് നമുക്ക് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. എങ്കിലും നമ്മള്‍ കേള്‍ക്കുന്നത് അങ്ങനെയാണ് എന്നതാണ് യാഥാര്‍ഥ്യം. നമ്മുടെ തലയുടെ അനാട്ടമി അല്ലെങ്കില്‍ ആകൃതി അനുസരിച്ച് നമ്മള്‍ കേള്‍ക്കുന്ന ശബ്ദത്തിലും നേരിയ വ്യത്യാസമുണ്ടാകാറുണ്ട്. ഈ സൂക്ഷ്മത ലഭിക്കാനാണ് ബൈനോറല്‍ റെക്കോഡിങ്ങിന് തലയോടിയുടെയും ചെവിയുടെയും മാതൃക ഉപയോഗിക്കുന്നത്. തലയുടെ അതേ കനവും ആകൃതിയുമുള്ള ഈ ഡമ്മി രൂപത്തിലെ മൈക്രോഫോണുകള്‍ മനുഷ്യന്റെ ചെവിയില്‍ ശബ്ദമെത്തുന്നതുപോലെ തന്നെ റെക്കോഡിങ് നടത്തും. അങ്ങനെ റെക്കോഡ് ചെയ്ത ശബ്ദം ഇടതു-വലത് ചെവികളില്‍ വ്യത്യസ്ത വഴിയിലൂടെ ശബ്ദമെത്തിക്കുന്ന ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് കേട്ടാല്‍ ശരിക്കും വ്യത്യാസം ബോധ്യപ്പെടും. 
 
ബൈനോറല്‍ സാങ്കേതികവിദ്യയുടെ പിറവി 1881 ലാണെന്നറിയുമ്പോള്‍ ആരും അതിശയപ്പെടും. ക്ലമന്റ് ആഡര്‍ എന്ന ഫ്രഞ്ച് എഞ്ചിനിയര്‍ നിര്‍മിച്ച തിയേറ്ററോഫോണ്‍ എന്ന ഉപകരണത്തില്‍ നിന്നാണ് ലോകം ബൈനോറല്‍ സാധ്യത ആദ്യമായി കേട്ടുമനസിലാക്കിയത്. എന്നാല്‍ 3ഡി ദൃശ്യങ്ങളുടെ അദ്ഭുതപ്പൊലിമയില്‍ 3ഡി ശബ്ദത്തിന്റെ കാര്യം വിസ്മരിക്കപ്പെട്ടു. വര്‍ഷങ്ങളോളം ആ സാങ്കേതികശാഖയില്‍ കാര്യമായ തുടര്‍ ഗവേഷണങ്ങളൊന്നും നടന്നില്ല. ഈ പോരായ്മ നികത്തുന്നതിനായി അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ 3ഡി 'ഓഡിയോ ആന്‍ഡ് അപ്ലൈഡ് അക്കോസ്റ്റിക്‌സ് ലാബി'ല്‍ 3ഡി ശബ്ദസംവിധാനത്തെക്കുറിച്ച് വര്‍ഷങ്ങളായി ഗവേഷണം നടക്കുകയാണ്. 
 
ഹെഡ്‌ഫോണുകള്‍ ഉപയോഗിച്ചുമാത്രമേ 3ഡി ശബ്ദം ആസ്വദിക്കാന്‍ കഴിയൂ എന്നതാണ് ഇതിന്റെ പോരായ്മ. ഈ പ്രശ്‌നം മറികടക്കുന്നതിനുള്ള വഴികള്‍ വിവിധ റെക്കോഡിങ് കമ്പനികള്‍ ആലോചിച്ചുവരികയാണ്. ഇതിനായി ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.  പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ഒറ്റ സ്പീക്കറിലൂടെ 3ഡി സൗണ്ട് എല്ലാവര്‍ക്കും ഒരേസമയം കേള്‍ക്കാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ ലോകം മുഴുവന്‍ 3ഡി ശബ്ദവിസ്മയത്തില്‍ മുഴുകുമെന്ന കാര്യം ഉറപ്പ്. തലയില്‍ ഘടിപ്പിച്ചുകൊണ്ട് സിനിമയും വീഡിയോകളും കാണാവുന്ന വിര്‍ച്വല്‍ റിയാലിറ്റി (വിആര്‍) ഹെഡ്ഗിയറുകളുടെ വരവോടെ 3ഡി സൗണ്ട് വിദ്യയുടെയും നല്ലകാലം തുടങ്ങി. സോണിയുടെ വി.ആര്‍. ഹെഡ്ഗിയറായ മോര്‍ഫ്യൂസിന്റെ പ്രോട്ടോടൈപ്പില്‍ 3ഡി ശബ്ദവിദ്യ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.