രാജ്യത്തിന് മേല്‍ നടക്കുന്ന തുടര്‍ച്ചയായ ഹാക്കര്‍ ആക്രമണങ്ങളെ തടയാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സേനയുടെ ആസ്ഥാനമായ പെന്റഗണിന്റെ വെളിപ്പെടുത്തല്‍. സൈബര്‍ ആക്രമണങ്ങളെ തടയുന്നതിനുള്ള ആവശ്യത്തിന് ടൂളുകളോ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരോ ഇല്ലാത്തത് അമേരിക്കന്‍ പ്രതിരോധ സേനയെ ക്ഷീണാവസ്ഥയില്‍ ആക്കുമെന്നാണ് പെന്റഗണിന്‍റെ ആധി. സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നതിനുള്ള സേനയുടെ കഴിവിന് വെറും സി ഗ്രേഡ് നല്‍കാനേ കഴിയൂ എന്ന് പെന്റഗണ്‍ സൈബര്‍ കമാന്‍ഡ് തലവന്‍ കീത്ത് അലക്സാണ്ടര്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ തുറന്നടിച്ചു.
“അമേരിക്കയുടെ നേര്‍ക്ക് ഹാക്കര്‍മാരും തീവ്രവാദികളും സൈബര്‍ ആക്രമണങ്ങള്‍ നനടത്തിക്കൊണ്ടിരിക്കുകയാണ്. സൈബര്‍ ആക്രമണമെന്നത് വെറുമൊരു സാങ്കല്‍പിക ഭീതിയല്ല. ലക്ഷക്കണക്കിന് പ്രാവശ്യമാണ് സര്‍ക്കാര്‍ വെബ്‌സൈറ്റുകളും നെറ്റ്വര്‍ക്കുകളും ആക്രമിക്കപ്പെട്ടിരിക്കുന്നത്. എന്ത് വില കൊടുത്തും ഇത്തരം ആക്രമണങ്ങളെ തടഞ്ഞേ പറ്റൂ. സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങളാണ് ഇത്തരത്തില്‍ ചോരുന്നത്. നെറ്റ്‌വര്‍ക്കുകളില്‍ സര്‍ക്കാര്‍ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന വിവരങ്ങള്‍ തീവ്രവാദികളും സൈബര്‍ കുറ്റവാളികളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്” - കീത്ത് അലക്സാണ്ടര്‍ പറഞ്ഞു.
സൈബര്‍ ആക്രമണങ്ങളെ പെന്റഗണ്‍ വളരെ ഗൌരവത്തോടെ തന്നെയാണ് കാണുന്നതെങ്കിലും എങ്ങിനെ പ്രതിരോധിക്കണമെന്ന കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് സൈബര്‍ സുരക്ഷ വിദഗ്ധനായ ജെയിംസ് ലിവിസ് പറഞ്ഞു. ശത്രുക്കള്‍ ഒരു സൈബര്‍ ആക്രമണം അഴിച്ചുവിട്ടാല്‍ പ്രതിരോധിക്കാന്‍ പോലും പെന്റഗണ്‍ അശക്തമാണെന്നും ജെയിംസ് ലിവിസ് കൂട്ടിച്ചേര്‍ത്തു.
യുദ്ധം എന്നാല്‍ സൈബര്‍ യുദ്ധം കൂടി ഇനി ഉള്‍പ്പെടുമെന്ന് കീത്ത് അലക്സാണ്ടര്‍ മുന്നറിയിപ്പ് നനല്‍കുന്നു. ഏതായാലും സൈബര്‍ സുരക്ഷാ തന്ത്രങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിന് പെന്റഗണ്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു സൈബര്‍ യുദ്ധത്തെ എങ്ങനെ നേരിടും, സൈബര്‍ മേഖലയില്‍ സേനയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കും, ഒരു ആക്രമണമുണ്ടായാല്‍ എന്തൊക്കെ നടപടികളായിരിക്കും തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ പഠനം നടത്തിവരികയാണ് പെന്റഗണ്‍.
ആളും അര്‍ത്ഥവും സാങ്കേതികവിദ്യയുമൊക്കെ ഉണ്ടായിട്ടും സൈബര്‍ ശത്രുക്കളുടെ മുന്നില്‍ അമേരിക്ക തലകുനിക്കുന്നത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ ശ്രദ്ധയോടെ കാണേണ്ടതുണ്ട്. ഏറ്റവും മികവുറ്റ സുരക്ഷാ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കലും അമേരിക്കന്‍ സര്‍ക്കാരിന്റെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ചോരുകയാണെന്ന് പെന്റഗണ്‍ സമ്മതിച്ചിരിക്കുകയാണ്. സാങ്കേതികവിദ്യയില്‍ അമേരിക്കയോട് മുട്ടാന്‍ ശേഷിയില്ലാത്ത ഇന്ത്യന്‍ സര്‍ക്കാരിന്റെ നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് എന്തൊക്കെ ആരൊക്കെ ഊരിയെടുത്തുവെന്ന് ആര്‍ക്കറിയാം!