സത്യം ജീവനക്കാരുടെ പി‌എഫ് എവിടെ?

Webdunia
വ്യാഴം, 29 ജനുവരി 2009 (16:36 IST)
ജീവനക്കാരില്‍ നിന്ന് പി‌എഫ് വിഹിതമായി പിടിച്ചെടുത്ത ഏഴരക്കോടി രൂപ പി‌എഫ് ഓഫീസില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് സത്യത്തിനെതിരെ പ്രൊവിഡന്റ് ഫണ്ട് ഓര്‍‌ഗനൈസേഷന്‍ പരാതി നല്‍‌കും. ബി രാമലിംഗ രാജുവിനും മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്ന വി ശ്രീനിവാസനും എതിരെയാണ് പരാതി നല്‍‌കുക.

കഴിഞ്ഞ വര്‍ഷം ജീവനക്കാരില്‍ നിന്ന് പിടിച്ചെടുത്ത പി‌എഫ് തുക ജനുവരി 20-ന് മുമ്പാണ് പി‌എഫ് ഓഫീസില്‍ അടയ്ക്കേണ്ടിയിരുന്നത്. ജനുവരി 21-ന് തന്നെ ഇതുസംബന്ധിച്ച കാരണം‌കാണിക്കല്‍ നോട്ടീസ് കമ്പനിക്ക് കൈമാറിയതായി പി‌എഫ് ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു. കാരണം‌കാണിക്കല്‍ നോട്ടീസ് നല്‍‌കിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ ക്ഷേമത്തെ കരുതിയാണ് പരാതി നല്‍‌കാന്‍ പി‌എഫ് ഓഫീസ് മുതിരുന്നത്.

അതിനിടെ സത്യത്തില്‍ ആകെ 43,622 ജീവനക്കാര്‍ മാത്രമാണ് ഉള്ളതെന്നും പി‌എഫ് ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇല്ലാത്ത ജീവനക്കാരുടെ പേരില്‍ ശമ്പളം അടിച്ചുമാറ്റിയതിന് രാമലിംഗ രാജുവിനെതിരെ കേസുണ്ട്. സത്യം ജീവനക്കാരുടെ പി‌എഫും രാജു വകമാറ്റിയതാവാനാണ് സാധ്യത.