വരുന്നൂ മസിലുള്ള യന്തിരന്‍!

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2011 (11:04 IST)
PRO
തമിഴ് സിനിമ, പ്രത്യേകിച്ചും രജനികാന്തിന്‍റെ സിനിമകള്‍ എക്കാലത്തും ശാസ്ത്രത്തേക്കാള്‍ അഞ്ചോ ആറോ പടി മുന്നില്‍ നിന്നിട്ടുണ്ട്. ബലതന്ത്ര നിയമങ്ങളെ അവഗണിച്ച്, തോക്കില്‍ നിന്നുവരുന്ന ഉണ്ട പിടിക്കുന്നതും സ്റ്റണ്ട് രംഗങ്ങളില്‍ ഗുണ്ടകള്‍ ഭൂഗുരുത്വ നിയമത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് പറക്കുന്നതുമെല്ലാം കണ്ട് ശീലിച്ചവരാണ് നമ്മള്‍. ‘യന്തിരന്‍’ വന്നതിനു ശേഷം ആ വഴിക്ക് സംഭവിക്കാവുന്ന വിപ്ലവങ്ങളെല്ലാം നമ്മള്‍ കണ്ടു കഴിഞ്ഞു. അതുകൊണ്ടുതന്നെ ന്യൂസിലന്‍ഡില്‍ നിന്നുള്ള ഈ വാര്‍ത്തയ്ക്ക് കുറച്ച് കൌതുകം കുറയും.

മനുഷ്യന്‍ സ്വന്തം രൂപത്തില്‍ സൃഷ്ടിച്ചെടുത്ത റോബോട്ടുകള്‍ പക്ഷെ ഇപ്പോഴും പൂര്‍ണമായ മനുഷ്യാകാരത്തിലേക്ക് വന്നിട്ടില്ല എന്നൊരു കുറവ് നികത്തെപ്പെടാതെ കിടക്കുന്നുണ്ട്. സിനിമയില്‍ രജിനീകാന്തും ശങ്കറും ചേര്‍ന്ന് വെറും ചില കോടികള്‍ മുടക്കി ആ കുറവ് നികത്തിയതിനെക്കുറിച്ചറിയാത്ത കുറച്ച് ശാസ്ത്രജ്ഞര്‍ റബ്ബര്‍ മസിലുകള്‍ വെച്ചുപിടിപ്പിക്കുന്ന സാങ്കേതികത വികസിപ്പിച്ചിരിക്കുന്നു.

മസിലുകള്‍ വച്ചുപിടിപ്പിച്ച്, റോബോട്ടുകളെ കൂടുതല്‍ മനുഷ്യപ്പറ്റുള്ളവയാക്കുവാനുള്ള ശ്രമം ഓക്‍ലാന്‍ഡ് ബയോ എഞിനീയറിംഗ് കേന്ദ്രത്തിലാണ് വിജയിച്ചത്. രണ്ട് അടരുകളിലായി സജ്ജീകരിച്ച ആലക്തിക ഘടനയുള്ള ഒരു പോളിമര്‍ ഫിലിമിന്‍റെ സഹായത്താലാണ് മസിലുകള്‍ വഴക്കമുള്ളതായി മാറുന്നത്. 300 ശതമാനത്തിലധികം വഴക്കം കൃത്രിമമസിലുകള്‍ക്കുണ്ടാകുമെന്ന് ഗവേഷകരിലൊരാളായ ലെയിന്‍ ആന്‍ഡേഴ്സണ്‍ പറയുന്നു.

വോള്‍ട്ടേജ് കടത്തിവിടുമ്പോള്‍ ഫിലിമിന്‍റെ ഇരുവശവും വിരുദ്ധ ഊര്‍ജ്ജങ്ങള്‍ നിറഞ്ഞ് ഒരു കപ്പാസിറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഇവ പരസ്പരം ആകര്‍ഷിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുമ്പോള്‍ മസിലുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. വൈദ്യുതി സഞ്ചാരം ഇല്ലാതാക്കിയാല്‍ മസിലുകള്‍ പഴയപടിയിലേക്ക് മാറുന്നു.

ആന്‍ഡേഴ്സന്‍റെ മസിലുകള്‍ പ്രവര്‍ത്തിക്കാന്‍ ബെയറിംഗുകളോ ഗിയറുകളോ ആവശ്യമില്ല എന്നതാണ് പ്രധാന സവിശേഷത. തന്‍റെ കണ്ടുപിടിത്തം വരാനിരിക്കുന്ന പുതുതലമുറ റോബോട്ടുകള്‍ക്കു വേണ്ടിയുള്ളതാണെന്ന് ആന്‍ഡേഴ്സണ്‍ പറയുന്നു.