രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ അതിവേഗ ഗ്രാമീണ ബ്രോഡ്‌ബാന്‍ഡ് ശൃംഖല ഇടുക്കി ജില്ലയില്‍ കമ്മീഷന്‍ ചെയ്തു.
കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് പദ്ധതി ഉത്ഘാടനം ചെയ്തത്.
ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് കന്നിയമ്മ ശ്രീരംഗനുമായി ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും മന്ത്രി സംസാരിച്ചു. ജില്ല കളക്‌ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പുമന്ത്രി പി ജെ ജോസഫ്, ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്, റോഷി അഗസ്‌റ്റിന്‍ എം എല്‍ എ, ജില്ല കളക്‌ടര്‍ അജിത് പാട്ടീല്‍ , അസിസ്റ്റന്റ് കളക്‌ടര്‍ ജാഫര്‍ മാലിക് മറ്റ് ഉന്നത ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ ഉത്ഘാടനചടങ്ങില്‍ പങ്കെടുത്തു.
സമ്പൂര്‍ണ ബ്രോഡ്‌ബാന്‍ഡ് പ്രഖ്യാപനം വന്നതോടെ ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ ഇന്റര്‍നെറ്റ് സേവനം 100 എം ബി പി എസ് വേഗതയില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും ലഭിക്കും. ഒരു കേബിളിലൂടെ ടെലിവിഷന്‍ ചാനലുകള്‍ , ടെലിഫോണ്‍ , ഇന്റര്‍നെറ്റ് തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ തടസം കൂടാതെ ലഭിക്കും.
ജില്ലയുടെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍ കാരണം ടെലിഫോണും മറ്റു അനുബന്ധ സേവനങ്ങളും തടസരഹിതമായി ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. എന്നാല്‍ , സമ്പൂര്‍ണ ബ്രോഡ്‌ബാന്‍ഡ് പദ്ധതി നടപ്പില്‍ വരുന്നതോടെ എല്ലാവിധ സര്‍ക്കാര്‍ സേവനങ്ങളും ഞൊടിയിടയില്‍ ലഭിക്കും.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ടുള്ള ദേശീയ ഒപ്‌റ്റിക്കല്‍ ഫൈബര്‍ ശൃംഖല (എന്‍ ഒ എഫ് എന്‍ ) ഏര്‍പ്പെടുത്തുന്നതിലൂടെയാണ് ഇടുക്കി സമ്പൂര്‍ണ അതിവേഗ ഗ്രാമീണ ബ്രോഡ്‌ബാന്‍ഡ് ജില്ലയായി മാറിയത്. രാജ്യത്തെ 2.5ലക്ഷം ഗ്രാമ പഞ്ചായത്തുകളെ ബ്രോഡ്‌ബാന്‍ഡ് ഒപ്‌റ്റിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ഇടുക്കി ജില്ലയിലെ അടക്കം രാജ്യത്തിലെ 50000 ഗ്രാമ പഞ്ചായത്തുകളെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 2016നകം 2,00,000 ഗ്രാമ പഞ്ചായത്തുകളിലും ഇന്റര്‍നെറ്റ് വിപ്‌ളവം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.