ബ്രിട്ടണില്‍ മന്ത്രിമാര്‍ക്ക് ട്വിറ്റര്‍ ഉപയോഗിക്കാം

Webdunia
ബുധന്‍, 29 ജൂലൈ 2009 (17:29 IST)
അമേരിക്കന്‍ വൈറ്റ്‌ഹൌസില്‍ ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ നിരോധിച്ചെങ്കിലും ബ്രിട്ടനിലെ മന്ത്രിക്കാര്‍ക്ക് ട്വിറ്ററിന്‍റെ സേവനം ആവശ്യം വന്നിരിക്കുന്നു. ട്വിറ്ററിന്‍റെ ഉപയോഗങ്ങള്‍ സംബന്ധിച്ച് പുതിയൊരു കുറിപ്പ് തന്നെ ബ്രിട്ടീഷ് ഭരണക്കൂടം പുറത്തിറക്കി കഴിഞ്ഞു.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളും ട്വിറ്ററും ഏതൊക്കെ രീതിയില്‍ എന്തിനെല്ലാം ഉപയോഗിക്കാമെന്നത് സംബന്ധിച്ചാണ് പത്രക്കുറിപ്പില്‍ പറയുന്നത്. ഭരണക്കൂടത്തിന്‍റെ പുതിയ വാര്‍ത്തകളും കോര്‍പ്പറേറ്റ് സന്ദേശങ്ങളും ജനങ്ങളിലെത്തിക്കാനാണ് ബ്രിട്ടീഷ് ഭരണക്കൂടം ട്വിറ്റര്‍ ഉപയോഗിക്കുന്നത്.

ബ്രിട്ടനിലെ ചില വകുപ്പുകള്‍ നേരത്തെ തന്നെ ട്വിറ്റര്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ഇരുപത് പേജ് ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടില്‍ ട്വിറ്റര്‍ ഔദ്യോഗിക, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ സന്ദേശങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാന്‍ സാധിക്കുന്ന ജനപ്രിയ സാങ്കേതിക സേവനം അന്വേഷിക്കുകയായിരുന്നു എന്നും ഇപ്പോഴാണ് അത്തരമൊരു സേവനം കണ്ടെത്തിയതെന്നും ബ്രിട്ടീഷ് ഭരണക്കൂടം അറിയിച്ചു.

മന്ത്രിമാരുടെ തൊഴില്‍ ദിവസങ്ങളില്‍ രണ്ട് മുതല്‍ പത്ത് ട്വീറ്റ്സ് സന്ദേശം പോസ്റ്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ ട്വിറ്ററില്‍ പത്തൊമ്പതോളം സര്‍ക്കാര്‍ വകുപ്പുകള്‍ ട്വീറ്റിംഗ് നടത്തുന്നുണ്ട്. കേവലം 140 അക്ഷരങ്ങള്‍ കൊണ്ട് ട്വീറ്റ്സ് സന്ദേശം കൈമാറാന്‍ സാധിക്കുന്ന ട്വിറ്റര്‍ 2006ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.