ഫ്രീ സോഫ്‌ട്‌വെയര്‍ കേന്ദ്രത്തിന് 60 ലക്ഷം

Webdunia
വ്യാഴം, 18 സെപ്‌റ്റംബര്‍ 2008 (15:27 IST)
WDWD
സംസ്ഥാനത്ത്‌ രാജ്യാന്തര സ്വതന്ത്ര സോഫ്‌ട്‌വെയര്‍ വികസന കേന്ദ്രം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

‘ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഫ്രീ ആന്‍റ് ഓപ്പണ്‍ സോഫ്‌ട്‌വെയര്‍’ എന്ന സ്ഥാപനം ഡിസംബര്‍ മാസത്തോടെ ആരംഭിക്കുമെന്ന്‌ സര്‍ക്കാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സ്ഥാപനം ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ 60 ലക്ഷം രൂപ മുടക്കും. സോഫ്‌ട്‌ വെയര്‍ കേന്ദ്രത്തിന്‍റെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കും.

സെന്‍ററിന്‌ വേണ്ടിയുള്ള പ്രോജക്ട് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌‌ ഓഫ്‌ മാനേജ്‌മെന്‍റ് , ഹെവ്‌ലിറ്റ്‌ പക്കാര്‍ഡ്‌‌ ചെയര്‍ പ്രഫസര്‍ ആയ രാഹുല്‍ ദേയാണ്‌. റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ കൈമാറി.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഐ ടി വത്‌കരണത്തിന്‌ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുക എന്നതായിരിക്കും സ്വതന്ത്രസോഫ്‌ട്‌ വെയര്‍ കേന്ദ്രത്തിന്‍റെ ദൗത്യം.

പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ സോഫ്‌ട്‌വെയര്‍ ഉപദേഷ്ടാവായും കേന്ദ്രം പ്രവര്‍ത്തിക്കും.