ഫേസ്ബുക്ക് വിഷമിപ്പിച്ച കോണ്‍‌ഗ്രസ് നേതാവ്‌!

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2011 (13:31 IST)
PRO
PRO
നിങ്ങളുടെ പേര്‍ 'മുണ്ടുപറമ്പില്‍ കോര്‍മന്‍' എന്നാണെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് ഒരു ഫേസ്ബുക്ക് അക്കൌണ്ട് വേണമെന്ന പൂതിയുദിച്ചു എന്നുമിരിക്കട്ടെ. നിങ്ങള്‍ ചെയ്യേണ്ടതെന്താണ്? നേരെ ഫേസ്ബുക്കില്‍ കയറി ശ്രമം തുടങ്ങുക എന്നതുതന്നെ. ഇത്രയുമെത്തിയാല്‍ കോര്‍മന് നേരിടേണ്ടിവരാവുന്ന ആദ്യ പ്രതിസന്ധി എന്താണ്? മറ്റൊരു കോര്‍മന്‍ തനിക്കുമുമ്പ് ഫേസ്ബുക്കില്‍ അക്കൌണ്ട് ഉണ്ടാക്കിയതായി അങ്ങോര്‍ക്ക് വെളിപ്പെടും എന്നതു തന്നെ.

സാരമില്ല. ലോകത്ത് ഒരേയൊരു കോര്‍മന്‍ മാത്രമാണോ ഉള്ളത്? അല്ല. അങ്ങോര്‍ മുണ്ടുപറമ്പില്‍ കോര്‍മന്‍ എന്ന് ട്രൈ ചെയ്യുന്നു. അതിശയമേ. അതും ലഭ്യമല്ല. പിന്നീട് എം കോര്‍മനെന്നും എം പി കോര്‍മനെന്നും ട്രൈ ചെയ്യുന്നു. മാതാപിതാക്കന്മാരുടെ പേര് വെച്ച് ശ്രമിക്കുന്നു. മുത്തപ്പന്മാരുടെ പേരും ഗുരുജനങ്ങളുടെ പേരും വെച്ച് ട്രൈ ചെയ്യുന്നു. അത്യതിശയമേ, അതൊന്നും തന്നെ ലഭ്യമല്ല! സെലിബ്രിറ്റി ജീവിതം നയിച്ചുവരുന്ന കോര്‍മന്‍ ഫേസ്ബുക്കില്‍ അക്കൌണ്ട് തുറക്കാന്‍ അല്പം വൈകിയതിന്റെ പൊല്ലാപ്പാണിത്.

ഇതില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത് ഇതാണ് - സെലിബ്രിറ്റി ജീവിതം തുടങ്ങാന്‍ പോകുന്നതിനു മുമ്പ് സ്വന്തം പേരില്‍ ഒരു ഫേസ്ബുക്ക് അക്കൌണ്ട് സൃഷ്ടിച്ചിരിക്കണം! ഇനിയും മനസിലായില്ലെങ്കില്‍ ഒരു ദൃഷ്ടാന്ത കഥ പറയാം.

ഇന്ത്യയുടെ നെല്ലറയായ പഞ്ചാബിലെ രാഷ്ട്രീയക്കാര്‍ ഫേസ്ബുക്കില്‍ വളരെ സജീവമാണ്. നാട്ടുകാര്‍ പണിയെടുക്കും പത്തായം നിറയ്ക്കും. ഉദ്യോഗസ്ഥര്‍ ഭരണം നടത്തും. പിന്നെ രാഷ്ട്രീയക്കാ‍രനെന്താണ് പണി? 'സ്ക്രാപ്! ചാറ്റ്! ട്വീറ്റ്! പോക്!...' പഞ്ചാബിലെ രാഷ്ട്രീയകക്ഷികള്‍ക്കിടയില്‍ ഇതുസംബന്ധിച്ചൊരു രാഷ്ട്രീയ സമവായം തന്നെ ഉരുത്തിരിഞ്ഞിട്ടുണ്ട്. നമ്മുടെ ശശി തരൂര്‍ തന്നെയായിരിക്കണം ഇക്കാര്യത്തില്‍ അവരുടെ ആത്മീയഗുരു.

പക്ഷെ, പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായ കാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മാത്രം അല്പം വൈകിപ്പോയി. എങ്കിലും അദ്ദേഹത്തിന്റെ ദൌത്യസംഘം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഉടന്‍ ഫേസ്ബുക്കില്‍ കയറി അപേക്ഷ പൂരിപ്പിച്ചുതുടങ്ങി. പക്ഷെ കാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ കിട്ടാനില്ല. ‘കോര്‍മന്‍ പ്രതിസന്ധി’ ഇവിടെയും രൂപപ്പെട്ടു. കാപ്റ്റനെന്നും, സിഎം സിംഗെന്നുമെല്ലാം ശ്രമിച്ചു. എല്ലാത്തിനുമുണ്ട് ഉടമകള്‍. ഇങ്ങനെ കാപ്റ്റന്റെ പേരില്‍ ആറ് അക്കൌണ്ടുകള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാവര്‍ക്കും ആയിരത്തിലധികം സുഹൃത്തുക്കളുമുണ്ട്. അവരെല്ലാം കോണ്‍ഗ്രസ്സ് പ്രസിഡന്റിന്റെ പേരില്‍ അഭിപ്രായങ്ങളും തീട്ടൂരങ്ങളും സമയാസമയങ്ങളില്‍ പുറപ്പെടുവിക്കുന്നുമുണ്ട്.

പ്രശ്നത്തിന്റെ ഗൌരവം ഫേസ്ബുക്കിനെ അറിയിക്കാന്‍ അമരീന്ദര്‍ കത്തെഴുതിനോക്കി. എന്നാല്‍ തങ്ങളുടെ പക്കല്‍ ഈ പ്രശ്നത്തിന് പരിഹാരമില്ലെന്നായിരുന്നു മറുപടി. പ്രദേശ് കോണ്‍ഗ്രസ്സ് പ്രസിഡന്റാണെന്ന് പറഞ്ഞുനോക്കി. ഗദ്ദാഫിയാണെലും ഫലമില്ലെന്ന് ഫേസ്ബുക്ക്. പക്ഷെ തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത അമരീന്ദര്‍ മറ്റൊന്ന് ചെയ്തു. തന്നെ സുഹൃത്താക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തന്റെ വെബ്സൈറ്റുവഴി യഥാര്‍ഥ ഫേസ്ബുക്ക് അക്കൌണ്ടിലേക്ക് പ്രവേശിക്കാമെന്ന് പൊതുജനത്തെ അറിയിച്ചു. കാപ്റ്റനോടാ കളി? പക്ഷെ, അമരീന്ദറിന്റെ വ്യാജന്മാര്‍ ഇപ്പോഴും ഫേസ്ബുക്കില്‍ വിലസുക തന്നെയാണ്.