‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്ന അഭിപ്രായം എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ പറയുന്നതൊന്ന് ചെയ്യുന്നത് മറ്റൊന്ന് എന്ന നയം ആര്‍ക്കും അത്ര പിടിക്കില്ല. യുവതാരം പൃഥ്വിരാജിന്റെ വിവാഹപ്പേക്കൂത്തിനെ പറ്റിത്തന്നെയാണ് പറയുന്നത്. മലയാള സിനിമയിലെ ‘മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍’ എന്ന് അറിയപ്പെട്ടിരുന്ന പൃഥ്വിരാജ് ഇപ്പോള്‍ ‘ഏറ്റവും കുപ്രസിദ്ധനും വാക്കിന് വിലയില്ലാത്തവനും’ ആയ താരമായിരിക്കുകയാണ്.
വിവിധ മാധ്യമങ്ങളിലൂടെയും സ്ത്രീകളുടെ പ്രിയ വാരികയായ വനിതയിലൂടെയും വിവാഹക്കാര്യം യാതൊരു ഉളുപ്പുമില്ലാതെ നിഷേധിച്ചുകൊണ്ട് കേരളജനതയെ മുഴുവന്‍ ‘ഫൂള്‍സ്’ ആക്കിയ പൃഥ്വിരാജിന്റെ ‘താന്തോന്നി’ത്തരത്തെ പറ്റി നെറ്റില്‍ വന്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇത്ര ചെറുപ്പത്തിലേ സൂപ്പര്‍ താരമായി തന്നെ അവരോധിച്ച മലയാളികള്‍ക്ക് കാലിനടിയിലെ പുല്ലിന്റെ വിലപോലും കല്‍പ്പിക്കാത്ത പൃഥ്വിരാജിന്റെ അഹങ്കാരം അപലപിക്കപ്പെടേണ്ടത് തന്നെ.
എന്തായാലും പൃഥ്വിരാജിന് കിട്ടേണ്ടത് കിട്ടി. അല്ലെങ്കില്‍ കിട്ടിക്കൊണ്ടിരിക്കുന്നു! യുവ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ആക്രമിച്ച അതേ വെറിയോടു കൂടിയാണ് പൃഥ്വിരാജിനെ നെറ്റ് മലയാളികള്‍ ഊശിയാക്കുന്നത്. ഫേസ്‌ബുക്കിലും ട്വിറ്ററിലും ഓര്‍ക്കൂട്ടിലും ബ്ലോഗിലും പൃഥ്വിരാജിന് മേല്‍ ചാണകമേറും ചീമുട്ടയെറിയലും നടന്നുകൊണ്ടിരിക്കുകയാണ്.
പൃഥ്വിരാജിന് ഒരു തുറന്നകത്ത് എഴുതിക്കൊണ്ട് അച്ചായത്തി എന്ന് സ്വയം പരിചയപ്പെടുത്തുന്ന വിധു എന്ന പെണ്‍കുട്ടി ചില രസകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ‘വിധുഡ്രീംസ് ഡോട്ട് ബ്ലോഗ്സ്‌പോട്ട് ഡോട്ട് കോം’ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കത്തിന് ഇതെഴുതുമ്പോള്‍ 356 കമന്റുകള്‍ വന്നിട്ടുണ്ട്. കമന്റെഴുതിയവരെല്ലാം കിട്ടിയ വടിയെടുത്ത് പൃഥ്വിരാജിനിട്ട് പൂശിയിട്ടുമുണ്ട്.
“ഏപ്രില്‍ 25-ന് വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള വനിത മാസികയുടെ ഏപ്രില്‍ 15-30 ലക്കത്തില്‍ വിവാഹത്തെക്കുറിച്ച് ഇത്രയും സത്യങ്ങള്‍ വിളിച്ചു പറഞ്ഞതു വളരെ മോശമായിപ്പോയി. ഈസ്റ്റര്‍ ലക്കത്തില്‍ താങ്കള്‍ക്ക് വേണ്ടി മാത്രം ഒരു 3 പേജു ഡെഡിക്കേറ്റ് ചെയ്ത അവരെയും അതു വായിച്ച ഞങ്ങളെയും താങ്കള്‍ ഫൂള്‍സ് ആക്കി. ഞങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മാതിരി മറ്റേടത്തെ പണിയല്ലയോ ഇതിയാന്‍ കാണിച്ചേ?”
“താങ്കള്‍ക്കു ഈ രഹസ്യ സ്വഭാവത്തിനു ഒരോരോ കാരണങ്ങള്‍ ഉണ്ടാവും.. സ്വകാര്യത എന്നൊക്കെ താങ്കള്‍ പറയുമായിരിക്കും.. ഈ ആള്‍ക്കൂട്ടവും തിരക്കും താങ്കള്‍ ഇഷ്ടപ്പെടാത്തത് ഒന്നുമല്ലലോ.. എന്തുമായികൊള്ളട്ടെ ഒന്നു മാത്രമേയുള്ളു.... പറഞ്ഞ് പറ്റിച്ചതു താങ്കള്‍ക്കു ചേര്‍ന്നില്ല. താങ്കളുടെ കല്യാണത്തിനു കൂട്ട അത്മഹത്യയൊന്നും ഒരു സ്ത്രീ സംഘടനയും ഉറപ്പു പറഞ്ഞിരുന്നില്ലല്ലോ, അല്ലേ?”
“താങ്കള്‍ വിവാഹിതനായതില്‍ മനം നൊന്ത ഒരു പൈങ്കിളി പെണ്‍കൊടി എഴുതിയതാണു എന്നു താങ്കള്‍ തെറ്റിധരിക്കരുത്. താങ്കളുടെയത്രെയും ആരാധകരില്ലെങ്കിലും നല്ല ഗ്ലാമറും, സാഹിത്യവാസനയും, ഒത്തിരി സ്നേഹവും സത്യസന്ധതയുമുള്ള ഒരു അച്ചായന്‍ ഈ അച്ചായത്തിക്കുണ്ട്” - വിധു എഴുതുന്നു.
( ഉദ്ധരണികള്‍ക്ക് കടപ്പാട് - വിധുഡ്രീംസ് ഡോട്ട് ബ്ലോഗ്സ്‌പോട്ട് ഡോട്ട് കോം)