ജാഗ്രത! ഹെഡ്‌ഫോണുകള്‍ നിങ്ങളുടെ ജീവനെടുത്തേക്കാം

Webdunia
തിങ്കള്‍, 30 ജനുവരി 2012 (18:13 IST)
ചെവിയില്‍ ഇയര്‍ഫോണുകള്‍ ഘടിപ്പിച്ച് പുറം‌ലോകവുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ച് നിങ്ങളുടെതായ ലോകത്ത് മാത്രമായി സംഗീതം ശ്രവിച്ചുകൊണ്ട് റോഡിലൂടെ നടക്കുമ്പോള്‍ അത് നിങ്ങളുടെ മാനസിക സംഘര്‍ഷത്തെ ശമിപ്പിച്ചേക്കാം. പക്ഷെ, അതോടൊപ്പം അത് നിങ്ങളുടെ ജീവനെയും അപഹരിച്ചാലോ?

ഡെല്‍ഹി വിദ്യാര്‍ത്ഥിയായ പതിനാറുകാരന്‍ കൌശലേന്ദ്ര പാല്‍, ഗാസിയാബാദില്‍ വച്ച് പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍പ്പെട്ട് ദാരുണമായി മരണപ്പെട്ടത് രണ്ടുദിവസം മുമ്പാണ്. ഇയര്‍ഫോണ്‍ കാതില്‍ തിരുകി സംഗീതം ശ്രവിച്ചു നടക്കുകയായിരുന്ന പാല്‍ ട്രെയിനിന്റെ ശബ്‌ദം കേട്ടില്ല.

ഇതിനെ അപകടകരമായ പ്രവണതയെന്ന് വിശേഷിപ്പിച്ച ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസറായ ദീപക് അഗര്‍വാള്‍ പറയുന്നു: “ഏകദേശം മുപ്പത് ശതമാനത്തോളം റോഡ് അപകടങ്ങള്‍ക്കും കാരണം റോഡ് മുറിച്ചുകടക്കുമ്പോഴുള്ള ഇത്തരം ഉപകരണങ്ങളുടെ ഉപയോഗമാണ്. ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് സിഗ്‌നലുകള്‍ ശ്രദ്ധിക്കാന്‍ കഴിയില്ല. മാത്രമല്ല, ഹോണ്‍ ശബ്‌ദമോ എന്തിന് ഒരു കുഞ്ഞിന്റെ കരച്ചില്‍ പോലും കേള്‍ക്കാന്‍ കഴിയില്ല.”

കഴിഞ്ഞ വര്‍ഷം രണ്ട് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും ഇത്തരത്തില്‍ ട്രെയിനിന് മുന്നില്‍ പെട്ടിരുന്നു. കഴിവതും തിരക്കേറിയ വീഥികളിലും പ്രത്യേകിച്ച് റെയില്‍, റോഡുകള്‍ മുറിച്ചുകടക്കുമ്പോഴും ഇയര്‍ഫോണുകള്‍ ഉപയോഗിക്കാതിരിക്കുക. സംഗീതം വീണ്ടും ആസ്വദിക്കാം, പക്ഷെ ജീവിതം?