ചരിത്രത്തിലെ ഏറ്റവും വലിയ ലേ ഓഫ് പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്‍റര്‍നെറ്റ് സേര്‍ച്ച് ഭീമന്‍മാരായ ഗൂഗിള്‍ വീണ്ടും നിയമനങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം 200 ജീവനക്കാര്‍ക്ക് ലേഓഫ് പ്രഖ്യാപിച്ചതിനു തൊട്ടുപുറകെയാണ് ഗൂഗിള്‍ 360 പേരെ പുതുതായി നിയമിക്കാനൊരുങ്ങുന്നത്.
അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗിള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ എഞ്ജിനീയര്‍മാര്‍ മുതല്‍ സെയില്സ്‍, മാര്‍ക്കറ്റിംഗ് ഒഴിവുകളും ഇതില്‍പ്പെടും. 20,222 ജീവനക്കാരാണ് ഗൂഗിളിന് ആഗോളതലത്തില്‍ ഉള്ളത്.
2006 ല്‍ 10,674 ജീവനക്കാരാണ് ഗൂഗിളിനുണ്ടായിരുന്നത്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അവസരങ്ങളില്‍ പകുതിയും അമേരിക്കയിലും ബാക്കിയുളളവ അയര്‍ലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലുമാണ്. ഗൂഗിളിന്‍റെ പ്രധാന വരുമാന മാര്‍ഗമായ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ചെലവ് ചുരുക്ക നടപടികള്‍ കൈക്കൊള്ളാന്‍ കമ്പനി നിര്‍ബന്ധിതരായിരുന്നു.
റേഡിയൊ പ്രോഗ്രാമിംഗ് വിഭാഗം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ 40 പേരെയും ഇതിനു മുന്‍പ് ജനുവരിയില്‍ 100 പേരെയും പിരിച്ചുവിടാന്‍ ഗൂഗിള്‍ തീരുമാനിച്ചിരുന്നു.