കൂട്ടുകാരെ തേടി സ്ട്രീറ്റ് വ്യൂവിലൂടെ !

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2009 (17:08 IST)
ഇവിടെ (ബ്രിട്ടന്‍) ഒരു സ്ത്രീ സുഹൃത്തുക്കളെ തിരയുകയാണ്. ഭൂതകാല ജീവിതത്തിലെ കൂട്ടുകാരെ അന്വേഷിക്കുകയാണ്. സുഹൃത്തുക്കളെ തിരയാന്‍ സഹായിയായി ഗൂഗിള്‍ എര്‍ത്തുമുണ്ട്. ഗൂഗിള്‍ എര്‍ത്തിന്‍റെ ഏറ്റവും പുതിയ സ്ട്രീറ്റ് വ്യൂ ചിത്രങ്ങളുടെ സഹാ‍യത്തോടെയാണ് ഇവര്‍ ഉറ്റവരെ തിരയുന്നത്.

ലണ്ടനില്‍ പലര്‍ക്കും ഇതൊരു വിനോദമായി മാറിയിരിക്കയാണ്. പലരും ഗൂഗിള്‍ എര്‍ത്തില്‍ കയറിയാല്‍ തങ്ങളുടെ സ്ട്രീറ്റിലെ വിവരങ്ങള്‍, കെട്ടിടങ്ങള്‍, വീടുകള്‍, എന്തിന് റോഡുകളിലെ മരങ്ങള്‍ പോലും തിരയുകയാണ്. പലരുടെയും ബന്ധുക്കളുടെയും ചിലര്‍ അവരുടെ തന്നെ ചിത്രങ്ങളും ഗൂഗിള്‍ എര്‍ത്തില്‍ കണ്ടു കഴിഞ്ഞു.

ബ്രിട്ടനിലെ ഇരുപത്തഞ്ച് നഗരങ്ങളുടെ മികവാര്‍ന്ന ചിത്രങ്ങള്‍ 360 ഡിഗ്രിയില്‍ കാണാന്‍ സഹായിക്കുന്നതാണ് ഈ സേവനം. സ്ട്രീറ്റ് വ്യൂ സേവനത്തിന്‍റെ സഹായത്തോടെ അയല്‍ക്കാരനെ കണ്ടെത്തിയതായി ഈസ്റ്റ് ലണ്ടനിലെ ഫായ് ഷാര്‍പ് പറയുന്നു. അതേസമയം, ഗൂഗിളിന്‍റെ സ്ട്രീറ്റ് വ്യൂ സേവനത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വ്യക്തിയുടെ സ്വകാര്യതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു എന്നതാണ് മറ്റൊരു പരാതി. ഇതേതുടര്‍ന്ന് പരാതി നല്‍കിയ പല ചിത്രങ്ങളും ഗൂഗിള്‍ അധികൃതര്‍ എടുത്ത് ഒഴിവാക്കിയിരുന്നു.