ഇലക്ട്രോണിക്സ് ഭീമന്‍മാരായ സോണിയും ഓണ്‍ലൈന്‍ സംഗീത മേഖലയിലേയ്ക്ക്. ആപ്പിള്‍ ഐട്യൂണ്‍സിന് ലഭിക്കുന്ന ജനപ്രീതിയാണ് ഓണ്‍ലൈന്‍ സംഗീതരംഗത്തേയ്ക്ക് തിരിയാന്‍ സോണിയെ പ്രേരിപ്പിച്ചത്. ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത ഉപയോഗമാണ് സോണി മ്യൂസിക്സ് നല്‍കുകയെന്ന് സോണി ബി എം ജി സി ഇ ഒ റോള്‍ഫ് ഷിമിഡിറ്റ് ഹോള്‍ട്സ് പറഞ്ഞു.
മാസവരി നിരക്കിലായിരിക്കും ഉപയോക്താക്കളില്‍ നിന്ന് പണമീടാക്കുക. പരിധിയില്ലത്ത ഏറ്റവും ലളിതമായ മാസവരി നിരക്ക് ഒമ്പത് ഡോളറിനും 12 ഡോളറിനും ഇടയിലായിരിക്കും. സോണി മ്യൂസിക് സ്റ്റേഷനില്‍ നിന്ന് ആപ്പിള്‍ ഐപോഡിലേയ്ക്കും പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാനാകുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.
മ്യൂസിക് സ്റ്റേഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സോണി അധികൃതര്‍ തയ്യാറായിട്ടില്ല. പ്രമുഖ ഗാനവിതരണക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഷിമിഡിറ്റ് പറഞ്ഞു. എന്നാല്‍ ഏത് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്ററിലായിരികും ഇത് ലഭ്യമാകുക എന്നതിനെക്കുറിച്ച് സോണി അധികൃതര്‍ ഇപ്പോഴും സസ്പെന്‍സ് നിലനിര്‍ത്തുകയാണ്.