അധ്യാപകര്‍ക്ക് സബ്സിഡി നിരക്കില്‍ ലാപ്‌ടോപ്പ്!

Webdunia
ഞായര്‍, 9 ജനുവരി 2011 (09:47 IST)
PRO
സംസ്ഥാനത്ത് അമ്പതിനായിരത്തോളം അധ്യാപകര്‍ക്ക് യഥാര്‍ത്ഥവിലയുടെ മൂന്നിലൊന്നു കുറവ്‌ നിരക്കില്‍ ലാപ്ടോപ്പുകളും നെറ്റ്ബുക്കുകളും ലഭിക്കും. സംസ്ഥാനത്തെ സ്കൂളുകളിലെ ഐടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഐടി@സ്കൂളാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഐടി@സ്കൂളിന്റെ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ കെ അന്‍വര്‍സാദത്ത്‌ തിരുവനന്തപുരത്ത് അറിയിച്ചതാണ് ഇക്കാര്യം. അധ്യാപകര്‍ക്ക് എച്ച്‌സിഎല്‍, വിപ്രോ, ആര്‍പി ഇന്‍ഫോസിസ്റ്റം എന്നീ കമ്പനികളുടെ നെറ്റ്‌ബുക്കുകളും ലാപ്‌ടോപ്പുകളുമാണ് അധ്യാകര്‍ക്ക് ലഭിക്കുക.

പദ്ധതി അനുസരിച്ച്, 28,000 രൂപ വിലയുള്ള ലാപ്ടോപ്പുകള്‍ 17,750 രൂപയ്ക്കും (37% വിലക്കുറവില്‍) 18,000 രൂപയുള്ള നെറ്റ്ബുക്കുകള്‍ 11,450 രൂപയ്ക്കും (36% വിലക്കുറവില്‍) അധ്യാപകര്‍ക്കു ലഭിക്കും. ഒരു ജില്ലയില്‍നിന്നു പരമാവധി 4000 പേര്‍ക്ക്‌ എന്ന നിലയില്‍ ആദ്യം അപേക്ഷിക്കുന്ന 50,000 അധ്യാപകര്‍ക്കാണ്‌ ഈ ആനുകൂല്യം ലഭ്യമാവുക. പദ്ധതിയുടെ വിശദാംശങ്ങള്‍ www.itschool.gov.in എന്ന സൈറ്റില്‍ ലഭ്യമാണ്‌.

സെല്‍റോണ്‍ എം 900 മുതല്‍ പെന്റിയം ഡ്യുവല്‍ കോര്‍ പ്രോസസറുകളും, 2 ജി.ബി.ഡി.ഡി.ആര്‍ 3 റാമും ഡിവിഡി റൈറ്ററും വയര്‍ലസ്‌ സംവിധാനങ്ങളും 160 ജി.ബി ഹാര്‍ഡ്‌ ഡിസ്ക്കും ലാപ്‌ടോപ്പുകളില്‍ ഉണ്ടാകും. ഇതിലെ ബാറ്ററി രണ്ടുമണിക്കൂര്‍ നേരത്തേക്ക് ബാക്ക്‌ അപ്പ്‌ തരും. ഇന്റല്‍ ആറ്റം എന്‍ 455- 1.66 ജിഗാ ഹെര്‍ട്സ്‌ പ്രോസസറും 1 ജി.ബി.ഡി.ഡി.ആര്‍ 3 റാമും 166 ജി.ബി ഹാര്‍ഡ്‌ ഡിസ്ക്കുമാണ് നെറ്റ്‌ബുക്കില്‍ ഉണ്ടാവുക. വയര്‍ലസ്‌ സംവിധാനങ്ങളുമുള്ള ഇത് ആറ് മണിക്കൂര്‍ വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ പ്രഥമാധ്യാപകര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഈ പദ്ധതിവഴി പ്രയോജനം ലഭിക്കും. അപേക്ഷിക്കുന്ന അധ്യാപകന്‍ ഐടി പരിശീലനം നേടിയിട്ടുള്ളയാളും സ്കൂളില്‍ ഐടി ഉപയോഗിച്ചു പഠിപ്പിക്കുന്നയാളുമാണ്‌ എന്നു പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തണം. ഐടി പരിശീലനം നേടാത്ത എല്‍പി, യുപി അധ്യാപകര്‍ 2011 ജൂണിനു മുമ്പ്‌ ഐ.ടി പരിശീലനം നേടാമെന്ന അണ്ടര്‍ടേക്കിങ്‌ നല്‍കിയാലും മതി. സബ്സിഡിയിലൂടെ ലഭിക്കുന്ന ലാപ്ടോപ്പുകള്‍ സ്വന്തം ആവശ്യങ്ങള്‍ക്കല്ലാതെ വില്‍പ്പനയ്ക്കോ മറ്റോ ഉപയോഗിക്കില്ലെന്നും അപേക്ഷിക്കുന്നയാള്‍ സാക്ഷ്യപ്പെടുത്തണം.