അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ ഫേസ്‌ബുക്ക് ചാകും!

Webdunia
ബുധന്‍, 6 ജൂണ്‍ 2012 (17:50 IST)
PRO
PRO
ഉപ്പില്ലാത്ത ചോറ് പോലെയാണ് ഫേസ്ബുക്കില്ലാത്ത നെറ്റ്. നെറ്റില്‍ പുതുതായി എത്തിയവര്‍ക്കും സ്ഥിരമായി ഉള്ളവര്‍ക്കും ഒരാവേശമാണ് ഫേസ്ബുക്ക്. എന്നാല്‍ ഫേസ്ബുക്കിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞിരിക്കുന്നുവെന്ന് നിരീക്ഷണം പുറത്ത് വന്നിരിക്കുന്നു. അയേണ്‍‌ഫയര്‍ ക്യാപിറ്റലിന്റെ ഉടമയും വിവരസാ‍ങ്കേതികവിദ്യാ വിദഗ്ധനുമായ എറിക്ക് ജാക്‍സണാണ് ഫേസ്ബുക്കിന്റെ മരണം പ്രവചിച്ചിരിക്കുന്നത്.

“പത്ത് വര്‍ഷം മുമ്പ് യാഹു വമ്പനൊരു കമ്പനിയായിരുന്നു. ഇന്നത് അപ്രത്യക്ഷമായിരിക്കുന്നു. യാഹു ഇപ്പോഴും പണമുണ്ടാക്കുന്നുണ്ട്. ഏകദേശം 13,000 ജീവനക്കാര്‍ കമ്പനിയിലുണ്ട്. എന്നാല്‍ പഴയ യാഹു മരിച്ചുപോയി. അതിന്റെ ബിസിനസ് മോഡല്‍ തന്നെ മാറി. 2000-ല്‍ യാഹുവിന് ഉണ്ടായിരുന്നതിന്റെ പത്ത് ശതമാനം മൂല്യം പോലും യാഹുവിന് ഇപ്പോഴില്ല.”

ഇതുവരെ ഉണ്ടായിരിക്കുന്നത് ഇന്റര്‍നെറ്റ് കമ്പനികളുടെ മൂന്ന് തലമുറകളാണെന്നും എറിക്ക് ജാക്‍സണ്‍ നിരീക്ഷിക്കുന്നു. അതില്‍ ഒന്നാം തലമുറയില്‍ പെട്ട കമ്പനികളില്‍ ഒന്നാണ് യാഹൂ. ഫേസ്ബുക്കാവട്ടെ രണ്ടാം തലമുറയില്‍ പെട്ട ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഉദാഹരണമാണ്. മൂന്നാം തലമുറയില്‍ പെട്ട കമ്പനി ഉണ്ടാവുക മൊബൈലുമായി ബന്ധപ്പെട്ടാണ് എന്നും ജാക്സണ്‍ പറയുന്നു. ഇത്തരം കമ്പനികള്‍ നിലവില്‍ വരുന്നതോടെ, ഫേസ്ബുക്കിന് അന്ത്യമാകും. അഞ്ച് തൊട്ട് എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്നും ജാക്‍സണ്‍ പ്രവചിക്കുന്നു.

“സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഗൂഗിള്‍ ഏറെ പണിപ്പെടേണ്ടിവന്നു. വളരെ കഷ്ടപ്പെട്ടാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് എന്തെങ്കിലുമൊക്കെ ഗൂഗിളിന് ചെയ്യാനായത്. മൊബൈലിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാം തലമുറ ഇന്റര്‍നെറ്റ് കമ്പനികള്‍ വരുന്നതോടെ ഫേസ്ബുക്കിനും ഗൂഗിളിന്റെ ഗതി വരും.”

ഫേസ്ബുക്കിന്റെ ഐ‌പിഓ തകര്‍ന്നടിഞ്ഞത് ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഏറ്റ വലിയ ആഘാതമായിരുന്നു. ഫേസ്ബുക്കാണ് അവസാന വാക്ക് എന്ന് ധരിച്ച് വശായ സാമ്പത്തിക വിദഗ്ധര്‍ ഫേസ്ബുക്കിന്റെ ഓഹരിവില 90 ഡോളര്‍ വരെ എത്തുമെന്നൊക്കെ പ്രവചിച്ചിരുന്നു. എന്നാല്‍ 38 ഡോളറിന് വിപണിയിലെത്തിയ ഫേസ്ബുക്കിന്റെ ഓഹരിയൊന്നിന് ഇപ്പോഴത്തെ വില വെറും 25.87 ഡോളറാണ്. സംഗതികള്‍ ഇങ്ങനെയായിരിക്കേ, ജാക്‍സന്റെ നിരീക്ഷണം ശരിയായേക്കുമോ എന്ന് സംശയിക്കുകയാണ് ഇന്റര്‍നെറ്റ് കമ്പനികള്‍.