സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദിനുവേണ്ടി എന്തുകൊണ്ട് ജോണി ബെയര്‍സ്‌റ്റോ ഇറങ്ങിയില്ലെന്ന് സെവാഗ് ചോദിച്ചു. നായകന്‍ ഡേവിഡ് വാര്‍ണറും ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണും ആണ് സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്തത്. വെറും 18 ഓവറില്‍ 38 റണ്‍സ് അടിച്ചുകൂട്ടിയ ബെയര്‍സ്‌റ്റോയെ പോലൊരു താരം ഉള്ളപ്പോള്‍ എന്തുകൊണ്ട് അദ്ദേഹത്തെ ബാറ്റിങ്ങിന് ഇറക്കിയില്ലെന്ന് സെവാഗ് ചോദിച്ചു.
'18 പന്തില്‍ 38 റണ്‍സ് അടിച്ചുകൂട്ടിയ ബെയര്‍സ്റ്റോ എന്തുകൊണ്ട് സൂപ്പര്‍ ഓവറില്‍ ആദ്യ ചോയ്‌സ് ആയില്ലെന്ന് മനസിലാകുന്നില്ല. ബാറ്റിങ്ങിന് ബെയര്‍സ്‌റ്റോയെ ഇറക്കാതിരിക്കണമെങ്കില്‍ അദ്ദേഹം ടോയ്‌ലറ്റില്‍ ആയിരിക്കണം. അല്ലാത്തപക്ഷം ഇതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല. അസാധാരണമായ തീരുമാനം കൊണ്ട് ഹൈദരബാദ് സ്വയം നാണംകെട്ടു,' സെവാഗ് പറഞ്ഞു.
അതേസമയം, ഐപിഎല്ലില്‍ അതിവേഗം 1,000 റണ്‍സ് നേടുന്ന നാലാമത്തെ താരമായിരിക്കുകയാണ് ബെയര്‍സ്റ്റോ. വെറും 26 ഇന്നിങ്‌സുകളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. വെറും 21 ഇന്നിങ്‌സുകളില്‍ നിന്ന് 1,000 റണ്‍സ് ക്ലബില്‍ ഇടംപിടിച്ച ഷോണ്‍ മാര്‍ഷാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസ് താരം ലിന്‍ സിമ്മണ്‍സ് 23 ഇന്നിങ്‌സുകളില്‍ നിന്ന് 1,000 റണ്‍സ് നേടിയിട്ടുണ്ട്. 25 ഇന്നിങ്‌സുകളില്‍ നിന്ന് 1,000 റണ്‍സ് നേടിയ മാത്യു ഹെയ്ഡനാണ് മൂന്നാം സ്ഥാനത്ത്.