ചെണ്ടയെന്ന് വിളിച്ചവരോട് സിറാജിനു പറയാനുള്ളത്

ബുധന്‍, 28 ഏപ്രില്‍ 2021 (09:56 IST)
കഴിഞ്ഞ സീസണില്‍ ഏറ്റവും പഴികേട്ട താരമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേസ് ബൗളര്‍ മൊഹമ്മദ് സിറാജ്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സിറാജ് ആകെ മാറിയിരിക്കുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഒരു റണ്‍സിന് ബാംഗ്ലൂര്‍ ജയം സ്വന്തമാക്കിയതില്‍ സിറാജിന്റെ അവസാന ഓവര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പര്‍പ്പിള്‍ ക്യാപ്പുമായി വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഹര്‍ഷല്‍ പട്ടേലിനെ അവസാന ഓവറിലേക്ക് കരുതിവയ്ക്കാതെ സിറാജിനു അവസരം നല്‍കിയ നായകന്‍ വിരാട് കോലി മികച്ച തന്ത്രമാണ് പയറ്റിയത്. ഹര്‍ഷല്‍ പട്ടേലിനേക്കാള്‍ അനുഭവ സമ്പത്തുള്ള സിറാജ് തന്നെയായിരിക്കും അവസാന ഓവറില്‍ മത്സരം തങ്ങളുടെ വരുതിയിലാക്കുകയെന്ന് കോലി ഉറച്ചുവിശ്വസിച്ചിരുന്നു. പിശുക്കില്ലാതെ റണ്‍സ് വിട്ടുകൊടുത്തിരുന്ന സിറാജിനെ ചെണ്ടയെന്നാണ് സോഷ്യല്‍ മീഡിയ ട്രോളിയിരുന്നത്. എന്നാല്‍, ആത്മാര്‍ഥമായ കഠിനപ്രയത്‌നം കൊണ്ട് തനിക്കുമേലുള്ള എല്ലാ പരിഹാസങ്ങളെയും സിറാജ് ബൗണ്ടറി കടത്തി. 
 
അവസാന ഓവര്‍ എറിയാന്‍ സിറാജ് എത്തുമ്പോള്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടത്‌ ആറ് പന്തില്‍ 14 റണ്‍സ് മാത്രം. വെടിക്കെട്ട് ഷോട്ടുകളുമായി കളം നിറഞ്ഞുനില്‍ക്കുന്ന ഹെറ്റ്മയറും ഏത് പ്രതിസന്ധിയെയും വളരെ കൂളായി കൈകാര്യം ചെയ്യാന്‍ പക്വത നേടിയ നായകന്‍ റിഷഭ് പന്തും ഡല്‍ഹിക്കായി ക്രീസില്‍. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തില്‍ ഒരു സിക്‌സോ ഫോറോ പോയിരുന്നെങ്കില്‍ കളിയുടെ ഗതി പൂര്‍ണമായും മാറുന്ന സാഹചര്യം. എന്നാല്‍, യാതൊരു സമ്മര്‍ദവുമില്ലാതെ സിറാജ് പന്തെറിയുന്ന മനോഹരമായ കാഴ്ചയാണ് പിന്നീട് കണ്ടത്. 
 
അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ മാത്രം! ഓവര്‍ പിച്ച് യോര്‍ക്കര്‍ ആയിരുന്നു അത്. യോര്‍ക്കറുകള്‍ കൊണ്ട് ഡത്ത് ഓവറില്‍ വിറപ്പിക്കുന്ന സിറാജിനെ ഈ സീസണില്‍ തന്നെ നേരത്തെയും കണ്ടതാണ്. രണ്ടാം പന്ത് ലെഗ് സ്റ്റംപ് യോര്‍ക്കര്‍ ! ബൗണ്ടറി നേടാന്‍ ഉറപ്പിച്ചുനില്‍ക്കുന്ന ഹെറ്റമയര്‍ക്ക് എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു. നേടിയത് സിംഗിള്‍ മാത്രം. മൂന്നാം പന്തും യോര്‍ക്കര്‍ തന്നെ! ഒറ്റക്കൈയന്‍ ഷോട്ടുകളിലൂടെ ബൗണ്ടറി നേടാന്‍ അസാമാന്യ കഴിവുള്ള റിഷഭ് പന്ത് പകച്ചുപോയി. സിംഗിള്‍ പോലും നേടാന്‍ സാധിച്ചില്ല. അവസാന ഓവറിലെ നാലാം പന്തില്‍ പന്ത് ഡബിള്‍ ഓടി. പിന്നീടുള്ള രണ്ട് പന്തില്‍ നിന്ന് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് പത്ത് റണ്‍സാണ്. അഞ്ചാം പന്തില്‍ ഫോര്‍ നേടി. അവസാന പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നായി. ഡല്‍ഹിക്ക് പ്രതീക്ഷകള്‍ ബാക്കി. കാരണം, പന്താണ് ക്രീസില്‍. വിജയിക്കാനുള്ള സാധ്യതകളുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒട്ടും പ്രതിരോധത്തിലാകാതെ ഷോട്ട് കളിക്കാന്‍ സാധിക്കുന്ന താരമാണ് പന്ത്. ഓഫ് സൈഡിലേക്ക് തള്ളി ഒരു വൈഡ് യോര്‍ക്കറാണ് സിറാജ് എറിഞ്ഞത്. എത്ര മികച്ച ഷോട്ട് കളിച്ചാലും ഇടംകൈയന്‍ ബാറ്റ്‌സ്മാനായ പന്തിന് ഒരു ഫോറിന് അപ്പുറം ഒന്നും നേടാന്‍ സാധിക്കാത്ത തരത്തിലുള്ള ഡെലിവറിയായിരുന്നു അത്. ടി 20 ഒരു ഓവറില്‍ 30 റണ്‍സ് വരെ അടിച്ചെടുത്ത് ജയിച്ച ചരിത്രമുള്ളപ്പോഴാണ് വെറും 14 റണ്‍സ് പ്രതിരോധിച്ച് സിറാജ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്. 

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലും സിറാജ് ബ്രില്യന്‍സ്‌

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലും സിറാജിന്റെ ഒരു ഓവറാണ് ബാംഗ്ലൂരിന് ജയം സമ്മാനിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സിറാജിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് എന്നു വിളിച്ചാലും തെറ്റ് പറയാന്‍ സാധിക്കാത്ത തരത്തിലാണ് കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ സിറാജ് തന്റെ മൂന്നാം ഓവര്‍ എറിഞ്ഞത്. 
 
കൊല്‍ക്കത്തയുടെ ഇന്നിങ്‌സില്‍ 19-ാം ഓവര്‍ എറിയാനെത്തിയത് സിറാജാണ്. ഈ സമയത്ത് കൊല്‍ക്കത്തയ്ക്ക് ജയിക്കാല്‍ വേണ്ടത് 12 ബോളില്‍ 44 റണ്‍സ് മാത്രം. ഉഗ്ര പ്രഹരശേഷിയുള്ള കരീബിയന്‍ താരം ആന്ദ്രേ റസലാണ് ബാറ്റിങ് എന്‍ഡില്‍. 200 ന് മുകളില്‍ സ്‌ട്രൈക് റേറ്റില്‍ വെറും 14 പന്തില്‍ നിന്ന് 30 റണ്‍സുമായാണ് റസല്‍ നില്‍ക്കുന്നത്. ആക്രമിച്ചു കളിക്കുക എന്നതില്‍ കുറഞ്ഞ മനോഭാവമൊന്നും റസലിന്റെ മുഖത്ത് കാണാനില്ല. അത്രത്തോളം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നു. രണ്ട് ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് വിക്കറ്റൊന്നും നേടാത്ത സിറാജിന് കോലി ബോള്‍ നല്‍കി. വേണമെന്ന് വിചാരിച്ചാല്‍ ജയിക്കാമെന്ന് തോന്നിയിടത്തുനിന്ന് കൊല്‍ക്കത്തയ്ക്ക് എല്ലാ പ്രതീക്ഷകളും അസ്തമിച്ചത് ആ ഒരു ഓവറിലാണ്. 
 
19-ാം ഓവറിന്റെ ആദ്യ പന്തില്‍ റസലിന് ബൗണ്ടറി നേടാന്‍ സാധിച്ചില്ല. ഒരു സിംഗിളിനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍, റസല്‍ ഓടാന്‍ തയ്യാറായില്ല. സിറാജിന്റെ ശേഷിക്കുന്ന അഞ്ച് ബോളുകളും നന്നായി ആക്രമിക്കാമെന്ന് റസലിനു ഉറപ്പുണ്ടായിരുന്നു. 19-ാം ഓവറിന്റെ രണ്ടാം പന്ത് യോര്‍ക്കറായിരുന്നു, റസല്‍ നിശബ്ദം ! പിന്നെയും യോര്‍ക്കറുകള്‍ ആവര്‍ത്തിച്ചു. വിജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന മത്സരം കൈവിട്ടുപോയ നിരാശ റസലിന്റെ മുഖത്തു നിഴലിക്കാന്‍ തുടങ്ങി. 19-ാം ഓവറിലെ അഞ്ച് പന്തുകളും ഡോട്ട് ബോളായി. ആ ഓവറിലെ അവസാന പന്ത് ഒരു ഫുള്‍ ടോസ് ആയിരുന്നിട്ട് കൂടി റസലിന് സാധിച്ചത് ഒരു സിംഗിള്‍ നേടാന്‍ മാത്രം. മത്സരം പൂര്‍ണമായി ബാംഗ്ലൂരിന്റെ വരുതിയിലായി. സിറാജിനെ അഭിനന്ദിക്കാന്‍ നായകന്‍ കോലി അടക്കമുള്ളവര്‍ ഓടിയെത്തി. സിറാജിനെ ഇത്രത്തോളം വിശ്വാസത്തിലെടുക്കുന്നത് എന്തിനാണെന്ന് ചോദിച്ച വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് കോലി നല്‍കിയത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍