'ഇതൊന്നും അത്ര നല്ല കാര്യമല്ല'; കോലിക്കെതിരെ രൂക്ഷ വിമര്‍ശനം

ബുധന്‍, 28 ഏപ്രില്‍ 2021 (09:34 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനം. അമിത സമ്മര്‍ദ്ദം ചെലുത്തി അംപയര്‍മാരെ പ്രതിരോധത്തിലാക്കുകയാണ് കോലി ചെയ്യുന്നതെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം മിച്ചല്‍ മക്ലനഹാന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ നായകന്‍ കോലി അംപയര്‍മാരെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 
 
വാഷിങ്ടണ്‍ സുന്ദറിന്റെ ബോള്‍ ഡല്‍ഹി നായകന്‍ റിഷഭ് പന്തിന്റെ പാഡില്‍ തട്ടിയിരുന്നു. നായകന്‍ കോലി അടക്കമുള്ളവര്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. അംപയര്‍ വിരേന്ദര്‍ ശര്‍മ ഔട്ട് വിളിച്ചു. എന്നാല്‍, പന്തിന് സംശയമുണ്ടായിരുന്നു. ഡല്‍ഹി നായകന്‍ ഡിആര്‍എസ് എടുത്തു. ഇന്‍സൈഡ് എഡ്ജ് എടുത്ത ശേഷമാണ് ബോള്‍ പാഡില്‍ തട്ടിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. അംപയര്‍ തന്റെ മുന്‍ തീരുമാനം പിന്‍വലിച്ചു. അത് ഔട്ടല്ലെന്ന് വിധിയെഴുതി. 
 
പന്തിന്റെ വിക്കറ്റിനായി ആര്‍സിബി അമിത സമ്മര്‍ദം ചെലുത്തിയെന്നാണ് ഇതുകണ്ട് ന്യൂസിലന്‍ഡ് താരം പറയുന്നത്. അഞ്ച് തവണയൊക്കെ അപ്പീല്‍ ചെയ്യുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് താരം പറയുന്നത്. 
 
ആവേശകരമായ മത്സരത്തില്‍ വെറും ഒരു റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയത്. ഡല്‍ഹി നായകന്‍ റിഷഭ് പന്ത് 48 പന്തില്‍ 58 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും പരിശ്രമങ്ങളെല്ലാം വിഫലമായി. അവസാന ഓവറിലെ അവസാന രണ്ട് പന്തുകള്‍ തുടര്‍ച്ചയായി ഫോറടിച്ചെങ്കിലും ഒരു റണ്‍സ് അകലെ ഡല്‍ഹിയുടെ സ്വപ്‌നങ്ങള്‍ പൊലിയുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍