കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഐപിഎല്‍ മെഗാതാരലേലത്തിന് മുന്‍പായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. പ്രതീക്ഷിച്ചത് പോലെ ലഖ്‌നൗ ഇക്കുറി തങ്ങളുടെ ടീമില്‍ നിന്നും ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനെ ഒഴിവാക്കിയിരുന്നു. പകരം നിക്കോളാസ് പൂറാന്‍, മായങ്ക് യാദവ്, രവി ബിഷ്‌ണോയ്, ആയുഷ് ബധോനി,മൊഹ്‌സിന്‍ ഖാന്‍ എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്.
ലഖ്‌നൗവില്‍ തുടരാന്‍ താത്പര്യമില്ലെന്ന് നേരത്തെ കെ എല്‍ രാഹുലും വ്യക്തമാക്കിയിരുന്നു. ഇതോടെ 2025 ലെ ഐപിഎല്‍ താരലേലത്തില്‍ കെ എല്‍ രാഹുല്‍ ഉണ്ടാവുമെന്നും ഉറപ്പായിരുന്നു. എന്നാല്‍ എല്‍എസ്ജി അടുത്തവര്‍ഷത്തിനായി നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോഴും കെ എല്‍ രാഹുലിനെതിരെ പരോക്ഷമായ വിമര്‍ശനമുയര്‍ത്തി. ജയിക്കാനുള്ള മനസ്ഥിതിയുള്ള വ്യക്തിഗത ലക്ഷ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും മുന്‍പ് ടീമിന്റെ താത്പര്യത്തെ കാണുന്ന കളിക്കാരുമായി മുന്‍പോട്ട് പോവുക എന്നതാണ് ടീമിന്റെ മനസ്ഥിതിയെന്നും കഴിയുന്ന രീതിയില്‍ ടീമിന്റെ കോര്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും ടീം ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞു.
ഐപിഎല്ലില്‍ കെ എല്‍ രാഹുല്‍ റണ്‍സ് കണ്ടെത്തുന്ന മത്സരങ്ങളില്‍ ഒന്നും തന്നെ ലഖ്‌നൗവിന് വിജയിക്കാനായിട്ടില്ലെന്ന് ഐപിഎല്‍ റിട്ടെന്‍ഷന് മുന്നെ ടീമിന്റെ പരിശീലകനായ ജസ്റ്റിന്‍ ലാംഗറും മെന്ററായ സഹീര്‍ ഖാനും അഭിപ്രായപ്പെട്ടിരുന്നു. വ്യക്തിഗത നേട്ടങ്ങള്‍ ലക്ഷ്യം വെയ്ക്കാതെ ടീമിന്റെ താത്പര്യങ്ങളെ മുന്‍നിര്‍ത്തുന്ന താരങ്ങളെ നിലനിര്‍ത്തുന്നുവെന്ന സഞ്ജീവ് ഗോയങ്കയുടെ വാക്കുകള്‍ കെ എല്‍ രാഹുലിനെ ലക്ഷ്യം വെച്ചാണെന്നാണ് ആരാധകരും സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്.