അവസാനം ആര്‍സിബി കപ്പടിക്കുമോ? ഐപിഎല്ലില്‍ എന്താണ് നടക്കുന്നതെന്ന് ആരാധകര്‍

രേണുക വേണു
തിങ്കള്‍, 13 മെയ് 2024 (15:42 IST)
Royal Challengers Bengaluru

ഐപിഎല്ലില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പ്ലേ ഓഫിനു അരികിലേക്ക് എത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ ആദ്യം പുറത്താകുന്ന ടീമായിരിക്കും ആര്‍സിബിയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ തുടക്കത്തില്‍ വിധിയെഴുതിയത്. അവിടെ നിന്നാണ് പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കുള്ള ആര്‍സിബിയുടെ കുതിപ്പ്. 
 
ആദ്യ പാദത്തിലെ ഏഴ് മത്സരങ്ങളില്‍ ആറെണ്ണത്തിലും തോറ്റ ടീമാണ് ആര്‍സിബി. പോയിന്റ് ടേബിളില്‍ പത്താം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. അവിടെ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയരുകയായിരുന്നു ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ബെംഗളൂരു. രണ്ടാം പാദത്തിലേക്ക് എത്തിയപ്പോഴാണ് ആര്‍സിബി തനിരൂപം പുറത്തെടുത്തത്. രണ്ടാം പാദത്തിലെ ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അഞ്ചിലും വിജയം. ശേഷിക്കുന്ന ഒരു മത്സരം മികച്ച റണ്‍റേറ്റില്‍ ജയിക്കാനായാല്‍ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കയറാം. 
 
ബെംഗളൂരുവിന് പ്ലേ ഓഫില്‍ കയറാന്‍ മൂന്ന് കാര്യങ്ങളാണ് നടക്കേണ്ടത്:  
 
1. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ ജയിക്കേണ്ടത് നിര്‍ബന്ധം. വെറുതെ ജയിച്ചാല്‍ പോരാ, വിജയ മാര്‍ജിന്‍ കൂടി ശ്രദ്ധിക്കണം. ചെന്നൈ ആദ്യം ബാറ്റ് ചെയ്ത് 200 റണ്‍സോ അതില്‍ കൂടുതലോ നേടിയാല്‍ ബെംഗളൂരു അത് 18.1 ഓവറില്‍ മറികടക്കണം. ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ചെന്നൈയ്ക്കെതിരെ 18 റണ്‍സിന്റെ ജയം നേടണം. 
 
2. ചെന്നൈയ്ക്കെതിരെ ജയിക്കുന്നതിനൊപ്പം ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മത്സരഫലം കൂടി ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകളെ സ്വാധീനിക്കും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ലഖ്നൗ നിര്‍ബന്ധമായും തോല്‍ക്കണം. 
 
3. മാത്രമല്ല ഡല്‍ഹി ക്യാപിറ്റല്‍സ് അവരുടെ അവസാന മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ജയിച്ച് ആര്‍സിബിയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുകയും അരുത്. 
 
ഇനി ചെന്നൈയോട് തോല്‍ക്കുകയാണെങ്കില്‍ ആര്‍സിബിയുടെ എല്ലാ പ്രതീക്ഷകളും അവിടെ അവസാനിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article