ഐപിഎല്ലില്‍ ഏറ്റവും ആരാധകപിന്തുണയുള്ള ടീമുകളില്‍ ഒന്നായിട്ടും 17 വര്‍ഷക്കാലത്തിനിടെ ഒരു ഐപിഎല്‍ കിരീടം പോലും ആര്‍സിബിക്ക് സ്വന്തമാക്കാനായിട്ടില്ല. മോശം ബൗളിംഗ് നിരയെന്നത് എല്ലാകാലത്തും ആര്‍സിബിയുടെ പ്രധാന ദൗര്‍ബല്യമാണ്. മികച്ച ടോപ് ഓര്‍ഡര്‍ പ്രകടനം കൊണ്ടാണ് ഈ ദൗര്‍ബല്യത്തെ ഒരു പരിധിവരെ ആര്‍സിബി ഇത് മറച്ചിരുന്നത്. 2024 സീസണിലെത്തുമ്പോള്‍ ടോപ് ഓര്‍ഡറില്‍ കോലി മാത്രം പണിയെടുക്കുന്ന അവസ്ഥയിലാണ് ആര്‍സിബി. ടീമിനെ ഒന്നാകെ തോളിലേറ്റണമെന്നതിനാല്‍ വിക്കറ്റ് സംരക്ഷിച്ച് തന്നെ കോലിക്ക് കളിക്കണം എന്നത് കോലിയുടെ പ്രകടനങ്ങളെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.
റണ്‍സ് അടിച്ചുകൂട്ടുന്നുണ്ടെങ്കിലും മികച്ച സ്ട്രൈക്ക്റേറ്റില്‍ കളിക്കാന്‍ കോലിക്കാകാത്തത് തനിക്ക് ശേഷം കളിക്കാന്‍ ആരും തന്നെയില്ലെന്ന ബോധ്യം കൊണ്ടുകൂടിയാണ്. നിലവില്‍ 4 മത്സരങ്ങളില്‍ നിന്ന് 3 പരാജയങ്ങളും ഒരു വിജയവുമായി പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ആര്‍സിബി. രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്ന് കോലിയും സംഘവും ഇറങ്ങുമ്പോള്‍ വിജയം മാത്രമാണ് ആര്‍സിബി ആരാധകര്‍ സ്വപ്നം കാണുന്നത്. കെജിഎഫിലെ ഫാഫ് ഡുപ്ലെസിസ്,ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരുടെ ബാറ്റുകള്‍ കൂടി ശബ്ദിച്ചാല്‍ മാത്രമെ ആര്‍സിബിക്ക് അതിന് സാധിക്കുകയുള്ളു.
അതേസമയം ഐപിഎല്ലിലെ ആദ്യ 3 മത്സരങ്ങളും വിജയിച്ചാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് എത്തുന്നത്. നാലാം മത്സരത്തിലും വിജയിച്ചുകൊണ്ട് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് രാജസ്ഥാന്‍. ടോപ് ഓര്‍ഡറില്‍ ജയ്‌സ്വാളും ബട്ട്‌ലറും ഇതുവരെ തിളങ്ങിയില്ലെങ്കിലും മധ്യനിരയിലെ റിയാന്‍ പരാഗിന്റെ പ്രകടനങ്ങളാണ് ടീമിനെ ഇത്തവണ താങ്ങി നിര്‍ത്തുന്നത്. ബൗളിംഗിലെ വൈവിധ്യവും സഞ്ജു എന്ന നായകന്റെ മിടുക്കുമാണ് രാജസ്ഥാനെ ടൂര്‍ണമെന്റില്‍ അപകടകാരികളാക്കുന്നത്.