Ravindra Jadeja: ജഡേജയെ ട്വന്റി 20 ലോകകപ്പിന് കൊണ്ടുപോകണോ? കണക്കുകള്‍ അത്ര ശുഭകരമല്ല !

രേണുക വേണു
ശനി, 6 ഏപ്രില്‍ 2024 (10:27 IST)
Ravindra Jadeja: ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയ്‌ക്കെതിരെ ഇന്ത്യന്‍ ആരാധകര്‍. ജഡേജയേക്കാള്‍ ട്വന്റി 20 ഫോര്‍മാറ്റിനു ഗുണം ചെയ്യുക അക്ഷര്‍ പട്ടേലും രാഹുല്‍ തെവാത്തിയയും ആയിരിക്കുമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഐപിഎല്ലില്‍ ജഡേജ മോശം ഫോമില്‍ ആണെന്നും ബാറ്റിങ് വെറും ശരാശരി മാത്രമാണെന്നും നിരവധി പേര്‍ പറയുന്നു. 
 
ഈ സീസണില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ വെറും 84 റണ്‍സ് മാത്രമാണ് ജഡേജ നേടിയിരിക്കുന്നത്. 60 പന്തുകള്‍ നേരിട്ടാണ് ഈ റണ്‍സ് നേടിയത്. അതായത് സ്‌ട്രൈക്ക് റേറ്റ് വെറും 140 മാത്രം. പുറത്താകാതെ നേടിയ 31 ആണ് ഉയര്‍ന്ന സ്‌കോര്‍. അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ നേടാന്‍ സാധിക്കാത്തതാണ് ജഡേജയുടെ സ്‌ട്രൈക്ക് റേറ്റ് കുറയാന്‍ കാരണം. ഇന്ത്യന്‍ പിച്ചില്‍ പോലും ബാറ്റിങ്ങിന് പ്രയാസപ്പെടുന്ന ജഡേജ അമേരിക്കയില്‍ പോയി എങ്ങനെ ലോകകപ്പ് കളിക്കുമെന്നാണ് ആരാധകരുടെ ചോദ്യം. 
 
ബൗളിങ്ങിലും ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് ജഡേജയുടേത്. നാല് കളികളില്‍ 84 പന്തുകള്‍ നേരിട്ട ജഡേജ 109 റണ്‍സ് വിട്ടുകൊടുത്തു, വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രം. സ്പിന്‍ പിച്ചുകളില്‍ പോലും ജഡേജയ്ക്ക് ബൗളിങ്ങില്‍ തിളങ്ങാന്‍ സാധിക്കുന്നില്ല. ലോകകപ്പില്‍ ജഡേജയേക്കാള്‍ മികച്ച ഓപ്ഷന്‍ അക്ഷര്‍ പട്ടേലും രാഹുല്‍ തെവാത്തിയയും തന്നെയാണെന്ന് ആരാധകര്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article