ഒരു മികച്ച നായകന്‍ തന്റെ കളിക്കാരില്‍ നിന്നും മികച്ച പ്രകടനം തന്നെ ചോദിച്ചുവാങ്ങും, സഞ്ജുവും ധോനിയും രോഹിത്തും മികച്ചവരാകുന്നത് അങ്ങനെ

അഭിറാം മനോഹർ

വെള്ളി, 5 ഏപ്രില്‍ 2024 (19:49 IST)
Dhoni,Sanju samson,Rohit sharma
പതിനേഴ് വര്‍ഷക്കാലമായി തുടരുന്ന ഐപിഎല്ലില്‍ ഏറ്റവും വിജയിച്ച ഫ്രാഞ്ചൈസികളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും. മികച്ച താരങ്ങള്‍ ഉണ്ട് എന്നതല്ല ഈ ഫ്രാഞ്ചൈസികളെ വ്യത്യസ്തരാക്കുന്നത്. കളിക്കാരെയെല്ലാം അവരുടെ മികവിലേക്ക് എത്തിക്കുവാന്‍ ഈ ടീമിലെ നായകന്മാര്‍ക്ക് സാധിക്കുന്നുണ്ട്. ധോനിയായാലും രോഹിത്തായാലും തങ്ങളുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ നിരവധി യുവതാരങ്ങളെയാണ് വളര്‍ത്തിയെടുത്തിട്ടുള്ളത്.
 
മറ്റുള്ള ടീമുകളില്‍ മോശം പ്രകടനങ്ങള്‍ നടത്തുന്ന താരങ്ങള്‍ പോലും ചെന്നൈയിലെത്തുമ്പോള്‍ മറ്റൊരു രീതിയിലാകും ബൗളിങ്ങിലും ബാറ്റിംഗിലും പ്രകടനങ്ങള്‍ നല്‍കുന്നത്. ശിവം ദുബെ,അജിങ്ക്യ രഹാനെ,മോയിന്‍ അലി തുടങ്ങി മറ്റ് ടീമുകളില്‍ നിന്നെത്തി ചെന്നൈയില്‍ തിളങ്ങിയ താരങ്ങള്‍ അനവധിയാണ്. മുംബൈയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ,രാഹുല്‍ ചഹാര്‍,ഇഷാന്‍ കിഷന്‍,ജസ്പ്രീത് ബുമ്ര തുടങ്ങി ഒട്ടേറെ താരങ്ങളെ വളര്‍ത്തിയെടുത്തത് രോഹിത്താണ്.
 
സമാനമായ പാതയിലൂടെയാണ് നായകനെന്ന നിലയില്‍ മലയാളി താരം സഞ്ജു സാംസണിന്റെയും സഞ്ചാരം. മറ്റ് ടീമുകളില്‍ ശരാശരി പ്രകടനം നടത്തുന്ന ബൗളര്‍മാര്‍ പോലും സഞ്ജുവിന്റെ കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ആവേശ് ഖാന്‍,സന്ദീപ് ശര്‍മ,യൂസ്വേന്ദ്ര ചഹല്‍ തുടങ്ങി ഉദാഹരണങ്ങള്‍ അനവധി. കൂടാതെ ധ്രുവ് ജുറല്‍,യശ്വസി ജയ്‌സ്വാള്‍,റിയാന്‍ പരാഗ് പോലുള്ള താരങ്ങളെ വളര്‍ത്തിയെടുക്കാനും സഞ്ജുവിന് കഴിയുന്നുണ്ട്. 3 പേരും നായകനെന്ന നിലയില്‍ പുലര്‍ത്തുന്ന നിലവാരമാണ് മൂന്ന് ടീമുകളുടെയും മാറ്റങ്ങള്‍ക്ക് പിന്നില്‍. രാജസ്ഥാന്‍ റോയല്‍സിന് ഒരു ഐപിഎല്ലിന്റെ ചരിത്രം മാത്രമാണ് പറയാനുള്ളതെങ്കിലും സഞ്ജു നായകനായതിന് ശേഷം ഐപിഎല്ലില്‍ മികച്ച റെക്കോര്‍ഡാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍