Rajasthan Royals vs Lucknow Super Giants: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 20 റണ്‍സിന്റെ ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. ടോസ് ലഭിച്ച് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ലഖ്‌നൗവിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
നിക്കോളാസ് പൂറാന്‍ (41 പന്തില്‍ പുറത്താകാതെ 64), നായകന്‍ കെ.എല്‍.രാഹുല്‍ (44 പന്തില്‍ 58) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലഖ്‌നൗവിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. രാജസ്ഥാന് വേണ്ടി ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നാന്ദ്രേ ബര്‍ജര്‍, രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, സന്ദീപ് ശര്‍മ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതം.
നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ്ങിലും നായകനായും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനമായി. 52 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 82 റണ്‍സാണ് സഞ്ജു നേടിയത്.