Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

രേണുക വേണു
ശനി, 18 മെയ് 2024 (11:32 IST)
Mumbai Indians: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ആശ്വാസ ജയം തേടി ഇറങ്ങിയതാണ് മുംബൈ ഇന്ത്യന്‍സ്. അതിനുവേണ്ടി തീവ്രമായി പരിശ്രമിക്കുകയും ചെയ്തു. എന്നാല്‍ അവസാനം 18 റണ്‍സിന്റെ തോല്‍വിയുമായി സീസണ്‍ അവസാനിപ്പിക്കാനായിരുന്നു മുംബൈയുടെ വിധി. സീസണിലെ അവസാന മത്സരത്തില്‍ ജയിച്ച് ആരാധകരെ ചെറിയ തോതില്‍ സന്തോഷിപ്പിക്കാന്‍ പോലും മുംബൈയ്ക്ക് സാധിച്ചില്ല. 
 
14 കളികളില്‍ പത്തിലും തോറ്റ മുംബൈ ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് സ്വന്തമാക്കിയിരുന്നു. വെറും എട്ട് പോയിന്റ് മാത്രമുള്ള മുംബൈ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനക്കാരായാണ് സീസണ്‍ അവസാനിപ്പിച്ചിരിക്കുന്നത്. ഇത്രയും മോശം സീസണ്‍ സമീപകാലത്തൊന്നും ഐപിഎല്ലില്‍ മുംബൈയ്ക്ക് ഉണ്ടായിട്ടില്ല. 
 
തുടക്കം മുതല്‍ പാളിച്ചകളായിരുന്നു മുംബൈ ക്യാംപില്‍. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയ ഫ്രാഞ്ചൈസി തീരുമാനത്തില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മുംബൈ ആരാധകര്‍ ഹാര്‍ദിക്കിനെ കൂവി പരിഹസിക്കുന്ന ഘട്ടം വരെ എത്തി ഒടുവില്‍ അത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റത് ആരാധകര്‍ക്ക് ഹാര്‍ദിക്കിനോടുള്ള നീരസം വര്‍ധിപ്പിച്ചു. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ഇഷാന്‍ കിഷന്‍ എന്നിവരുടെ ഫോം ഔട്ടും ഈ സീസണില്‍ മുംബൈയുടെ തലവേദനയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article