ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ താരലേലത്തില്‍ ഏറെ പ്രതീക്ഷകളോടെ വിളിച്ചെടുത്ത യുവതാരമാണ് സമീര്‍ റിസ്വി. ടീം മാനേജ്‌മെന്റിന്റെ എല്ലാ പ്രതീക്ഷകളേയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് റിസ്വിയുടെ ആദ്യ ഇന്നിങ്‌സിലെ പ്രകടനം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 19-ാം ഓവറിലാണ് റിസ്വി ക്രീസിലെത്തിയത്. ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പായിക്കുകയും ചെയ്തു, അതും സാക്ഷാല്‍ റാഷിദ് ഖാനെ !
ചെന്നൈ 184-4 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് റിസ്വി ആറാമനായി ക്രീസിലെത്തിയത്. രവീന്ദ്ര ജഡേജയ്ക്കും മഹേന്ദ്രസിങ് ധോണിക്കും മുന്‍പ് ബാറ്റ് ചെയ്യാന്‍ റിസ്വിക്ക് ടീം മാനേജ്‌മെന്റ് അവസരം നല്‍കുകയായിരുന്നു. ഏത് കൊലകൊമ്പന്‍ ബാറ്ററും വളരെ ശ്രദ്ധിച്ചു കളിക്കുന്ന സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാന്‍ ആയിരുന്നു ഗുജറാത്തിനായി 19-ാം ഓവര്‍ എറിഞ്ഞിരുന്നത്. എന്നാല്‍ ക്രീസിലെത്തിയ ഉടന്‍ റാഷിദ് ഖാനെ അതിര്‍ത്തി കടത്തിയാണ് റിസ്വി തന്റെ വരവറിയിച്ചത്. ആ ഓവറില്‍ തന്നെ റാഷിദ് ഖാനെ റിസ്വി വീണ്ടും അതിര്‍ത്തി കടത്തി.