ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അഭിറാം മനോഹർ
വ്യാഴം, 16 മെയ് 2024 (17:39 IST)
ഐപിഎല്‍ പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഇംഗ്ലണ്ട് സൂപ്പര്‍ താരമായ ജോസ് ബട്ട്ലര്‍ മടങ്ങിയത് രാജസ്ഥാന്‍ റോയല്‍സിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. 2 സെഞ്ചുറികളല്ലാതെ സീസണില്‍ വലിയ ഇമ്പാക്ട് സൃഷ്ടിച്ചില്ലെങ്കിലും ജോസ് ബട്ട്ലര്‍ ടീമിലുണ്ട് എന്നത് വലിയ മാനസികബലമായിരുന്നു രാജസ്ഥാന് നല്‍കിയിരിക്കുന്നത്. ബട്ട്ലര്‍ ഒഴിഞ്ഞതോടെ കളിക്കളത്തില്‍ തന്നെയും കാറ്റഴിഞ്ഞ ബലൂണ്‍ പോലെയായിരുന്നു രാജസ്ഥാന്‍ താരങ്ങള്‍. ഇന്നലെ ജോസ് ബട്ട്ലറിന് പകരക്കാരനായെത്തിയ കാഡ്‌മോര്‍ പവര്‍പ്ലേയില്‍ ധാരാളം പന്തുകള്‍ പാഴാക്കിയിരുന്നു. ഇത് രാജസ്ഥാന്റെ ഇന്നിങ്ങ്‌സിനെ മൊത്തമായി ബാധിച്ചു.
 
വരുന്ന മത്സരങ്ങളില്‍ കൂടുതല്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ വിട്ട് ഇംഗ്ലണ്ട് ക്യാമ്പിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. ഇതോടെ മിന്നുന്ന ഫോമില്‍ ഈ സീസണ്‍ കളിക്കുന്ന ഫില്‍ സാള്‍ട്ടിന്റെ സേവനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നഷ്ടമാകും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മോയിന്‍ അലിയുടെ സേവനവും പ്ലേ ഓഫില്‍ നഷ്ടമാകും. ഇപ്പോഴിതാ രാജസ്ഥാന്‍ താരമായ ജോസ് ബട്ട്ലര്‍ സീസണിന്റെ നിര്‍ണായകഘട്ടത്തില്‍ തിരിച്ചുപോയതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. പഞ്ചാബിനെതിരായ തോല്‍വിക്ക് പിന്നാലെയാണ് ഇര്‍ഫാന്‍ പത്താന്‍ തുറന്നടിച്ചത്. സീസണിനിടെ ടീമിനെ ഇട്ടിട്ട് പോകുവാനാണെങ്കില്‍ വരേണ്ടതില്ലെന്നാണ് പത്താന്‍ പറയുന്നത്. ബട്ട്ലറുടെ പേരെടുത്ത് പറയാതെയായിരുന്നു എക്‌സില്‍ പത്താന്റെ പ്രതികരണ, മുഴുവന്‍ സീസണ്‍ കളിക്കാന്‍ തയ്യാറായിരിക്കണം, അല്ലെങ്കില്‍ ഇങ്ങോട്ട് വരണമെന്നില്ല എന്നാണ് ഇര്‍ഫാന്‍ എക്‌സില്‍ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article