Gautam Gambhir: ഈ ടീമിൽ സീനിയർ, ജൂനിയർ എന്നൊന്നില്ല, നമുക്കെല്ലാം ഒരൊറ്റ ലക്ഷ്യം മാത്രം, കൊൽക്കത്തയെ ചാമ്പ്യൻ ടീമാക്കുന്ന ഗൗതം ഗംഭീർ

അഭിറാം മനോഹർ

ബുധന്‍, 22 മെയ് 2024 (09:21 IST)
Gautam Gambhir,KKR
ഐപിഎല്ലില്‍ നായകനെന്ന നിലയിലും മെന്റര്‍ എന്ന നിലയിലും അവിശ്വസനീയമായ റെക്കോര്‍ഡുകള്‍ കൈവശമുള്ള താരമാണ് ഗൗതം ഗംഭീര്‍. പലപ്പോഴും പ്രശ്‌നങ്ങളില്‍ ചെന്ന് ചാടുന്ന ചൂടന്‍ സ്വഭാവത്തിന് ഉടമയാണെങ്കിലും കളികളത്തില്‍ ഒരിഞ്ച് പോലും എതിരാളികള്‍ക്ക് വിട്ടുനല്‍കില്ലെന്ന ചാമ്പ്യന്‍ മനോഭാവമാണ് ഗംഭീറിനുള്ളത്. ഐസിസി ഫൈനലുകളിലെ താരത്തിന്റെ പ്രകടനങ്ങള്‍ തന്നെ ഇതിന് തെളിവ് നല്‍കുന്നു. ഐപിഎല്ലിലാകട്ടെ നായകനായി 2 തവണ ടീമിന് കിരീടം നേടികൊടുക്കാന്‍ ഗംഭീറിന് സാധിച്ചു. കൊല്‍ക്കത്ത തങ്ങളുടെ മെന്ററായി ഗംഭീറിനെ ചുമതലയേല്‍പ്പിച്ചത് മുതല്‍ അസാമാന്യമായ പ്രകടനമാണ് ടീം നടത്തുന്നത്.
 
കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന അതേതാരങ്ങള്‍ തന്നെയാണ് ഇത്തവണയും ഉള്ളതെങ്കിലും കഴിഞ്ഞ സീസണിലെ ടീമില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഗംഭീറിന്റെ പരിശീലനത്തിന് കീഴിലുള്ള കൊല്‍ക്കത്ത. നരെയ്‌നും റസ്സലും വീണ്ടും പ്രധാനറോളുകളിലേക്ക് വന്നതോടെ ഫിയര്‍ലെസ് ക്രിക്കറ്റാണ് ഈ സീസണില്‍ കൊല്‍ക്കത്ത കളിക്കുന്നത്. ഇതിനിടെ ഗംഭീര്‍ കൊല്‍ക്കത്ത ടീമംഗങ്ങള്‍ക്ക് നല്‍കിയ ഉപദേശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
 
ടീമംഗങ്ങളോട് ഗംഭീര്‍ പറയുന്നത് ഇങ്ങനെ. ഈ ടീമില്‍ മുഴുവന്‍ കളിക്കാര്‍ക്കും തുല്യ പരിഗണനയാകും ലഭിക്കുക. ഇവിടെ ജൂനിയര്‍ എന്നോ സീനിയര്‍ എന്നോ അന്താരാഷ്ട്ര കളിക്കാരനെന്നോ വേര്‍തിരിവുണ്ടാകില്ല. കാരണം നമ്മളെല്ലാവരും തന്നെ ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഐപിഎല്‍ വിജയിക്കുക എന്നതാണ് പ്രധാനം. മെയ് 26ന് നമ്മള്‍ അവിടെയുണ്ടാകണം. അതിന് സാധ്യമായതെല്ലാം ചെയ്യണം. അത് മെയ് 26നോ 23നോ അല്ല തുടങ്ങേണ്ടത്. ഇന്ന് തന്നെ തുടങ്ങണം. ഗംഭീര്‍ പറയുന്നു. ഐപിഎല്ലില്‍ മെന്ററെന്ന നിലയില്‍ കഴിഞ്ഞ 2 സീസണുകളിലും ലഖ്‌നൗവിനെ പ്ലേ ഓഫിലെത്തിക്കാന്‍ ഗംഭീറിന് സാധിച്ചിരുന്നു. മെന്ററെന്ന നിലയില്‍ കൊല്‍ക്കത്തയ്ക്ക് കിരീടം നേടികൊടുക്കാന്‍ ഗംഭീറിനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍